‘ഇത് മതിയാവുമോ?’ എന്ന് ആശങ്ക - ലിംഗവലിപ്പം എന്ന പ്രശ്നം പുരുഷനെ അലട്ടുമ്പോള്‍ !

ബുധന്‍, 7 നവം‌ബര്‍ 2018 (15:16 IST)
മിക്ക പുരുഷന്‍‌മാരുടെയും പുറത്തു പറയാനാവാത്ത ചോദ്യങ്ങളില്‍ ഒന്നാണ് സ്വന്തം ലിംഗത്തിന് മതിയായ വലിപ്പം ഉണ്ടോ എന്ന സംശയം. ഡോക്‍ടറോട് ചോദിക്കുക പംക്തികളില്‍ വരുന്ന മിക്ക ചോദ്യങ്ങളും ഇത് സംബന്ധിച്ചുള്ളതായിരിക്കും. വിവാഹം കഴിക്കുന്നതിന് തൊട്ടു മുമ്പോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിനുള്ള അവസരം കൈവരും എന്ന് ഉറപ്പാകുമ്പോഴോ ആണ് മിക്ക പുരുഷന്‍‌മാരും “ഇത് മതിയാവുമോ” എന്ന സംശയത്തിന് ഇരയാവുന്നത്. 
 
സാധാരണ വലിപ്പമുള്ള ലിംഗം മൂ‍ത്രമൊഴിക്കാന്‍ മാത്രമല്ല സന്തതികള്‍ ഉണ്ടാവാനും സുഖകരമായ ലൈംഗിക ബന്ധത്തിനും പര്യാപ്തമാണ് എന്നതാണ് സത്യം. ലിംഗത്തിന്‍റെ വലിപ്പവും സുഖാനുഭൂതിയും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ ലിംഗത്തിന്‍റെ ‘കര്‍മ്മശേഷി’ പ്രധാനമാണ്. ചെറുതാണെങ്കിലും ഉഷാറുണ്ടായാല്‍ മതി. വേണ്ട രീതിയില്‍ ഉദ്ധാരണം ഉണ്ടാവുക, ഉദ്ധാരണം നിലനിര്‍ത്താനാവുക, അങ്ങനെ ഇണയ്ക്ക് സുഖാനുഭൂതി നല്‍കുക - ഇതാണ് പ്രധാനം. 
 
ഇതാവട്ടെ മസിലുകളുടെയും രക്തത്തിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ലൈംഗികസുഖം എന്നാല്‍ ഒരു മാനസിക അവസ്ഥയാണ്. അത് ഇണകളുടെ പരസ്പര ഇഷ്ടത്തേയും ഇഴുകിച്ചേരലിനേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. 
 
സംഭോഗ സമയത്ത് യോനിയുടെ മുഖം വലുതാവുകയോ തീരെ ചെറുതാവുകയോ ചെയ്യില്ല. ലിംഗത്തിന്‍റെ വലിപ്പത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇലാസ്തികത ഉള്ളതായിരിക്കും അത്. ജനിതകമായ വസ്തുതകളാണ് ലിംഗത്തിന്‍റെ വലിപ്പത്തെ പ്രധാനമായും നിര്‍ണ്ണയിക്കുന്നത്. ഇതാവട്ടെ നിങ്ങള്‍ നേരിട്ട് മാതാപിതാക്കളില്‍ നിന്നും സ്വീകരിക്കുന്നതുമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ജന്‍‌മസിദ്ധമായി ലഭിക്കുന്ന ലിംഗവലിപ്പം തീരെച്ചെറുതാക്കാനോ വലുതാക്കാനോ സാധിക്കുകയില്ല എന്നതാണ് സത്യം. 
 
കൌമാര പ്രായത്തില്‍ ആണ്‍‌കുട്ടികളില്‍ ലൈംഗിക വളര്‍ച്ച സംഭവിക്കുന്നു. ലിംഗത്തിന് ആദ്യം നീളവും പിന്നീട് വണ്ണവും കൂടി വരുന്നു. ഇതോടു കൂടി തന്നെ വൃഷണങ്ങളും വലുതാവുന്നു. ആറു കൊല്ലം കൊണ്ട് ലിംഗത്തിന്‍റെ വളര്‍ച്ച പൂര്‍ണ്ണ രീതിയില്‍ ആയിത്തീരുന്നു. 
 
വൃഷണങ്ങള്‍ ആദ്യം വലുതാവുന്നതു കൊണ്ട് പലര്‍ക്കും തോന്നുക ലിംഗം വളരുന്നില്ല എന്നാണ്. അങ്ങനെ പേടിച്ച് പലരും ഡോക്‍ടര്‍മാരെ കാണാന്‍ ചെല്ലാറുണ്ട്. പൊതുവേ തടിച്ച ശരീര പ്രകൃതി ഉള്ളവര്‍ക്ക് സ്വന്തം ലിംഗം ചെറുതായി തോന്നുന്നത് സ്വാഭാവികം. ശരീരത്തില്‍ ദുര്‍മ്മേദസ്സ് വരുന്നത് പോലെ ലിംഗത്തിന് ഉണ്ടാവുകയില്ല എന്ന് മനസ്സിലാക്കണം. 
 
ഒരാളുടെ ശരീരത്തിന്‍റെ വലിപ്പത്തിന് ആനുപാതികമായി ആയിരിക്കില്ല അയാളുടെ ലിംഗത്തിന്‍റെ വലിപ്പം. നീളം കൂടിയ ആളുകള്‍ക്ക് നീളം കുറഞ്ഞ ലിംഗവും ഉയരക്കുറവുള്ളവര്‍ക്ക് നീളവും വണ്ണവും കൂടിയ ലിംഗവും ഉണ്ടാവാന്‍ ഇടയുണ്ട്. ഇതുകൊണ്ടൊന്നും പരിഭ്രമിക്കുകയോ മറ്റുള്ളവരുടെ ലിംഗവുമായി താരതമ്യപ്പെടുത്തി സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍