സ്വപ്നങ്ങളില്‍ മയങ്ങും മുന്‍പ്

IFMIFM
ഈ തലമുറ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധമുള്ളവരാണെന്നും, പ്രണയവും വിവാഹ മോചനവുമൊന്നും നമ്മുടെ കുട്ടികളെ ബാധിക്കില്ലെന്നും വിലയിരുത്തുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാതെ വാടിവരണ്ടു പോകുന്ന ഒരു തലമുറയെ കൂടി അതു പ്രതിനിധീകരിക്കുന്നു എന്നതാണ് വാസ്തവം.

കൂടുതല്‍ യാഥാര്‍ത്ഥ്യബോധം നേടി എന്നു പറയുന്നതിലും എളുപ്പം, ആത്മാര്‍ത്ഥത കുറഞ്ഞു എന്ന് പറയുന്നതാണ്. പ്രണയത്തിന്‍റെ അര്‍ത്ഥവും ആഴവും കുറഞ്ഞു. എന്നാല്‍ വിവാഹ ബന്ധങ്ങളില്‍ ഈ പക്വതയും യാഥാര്‍ത്ഥ്യബോധവും കാണുന്നില്ല. ഒരോ ദിവസവും വര്‍ദ്ധിക്കുന്ന വിവാഹ മോചനങ്ങള്‍ സാക്ഷി.

സങ്കല്‍പ്പങ്ങളും മനക്കോട്ടകെട്ടലുകളും കൌമാരങ്ങള്‍ക്ക് ഒട്ടും കുറവു വരുത്തുന്നില്ല. കൌമാര ആത്മഹത്യകള്‍ കുറയുന്നില്ല. അണുകുടുംബങ്ങള്‍ സമ്മാനിക്കുന്ന ജീവിത പരിചയം പൊരുത്തപ്പെടലുകള്‍ ശീലിപ്പിക്കുന്നില്ല. കൂട്ടുകുടുംബ വ്യവസ്ഥയിലെ പങ്കുവയ്ക്കലുകളും കൊച്ചുകൊച്ചു നഷ്ടങ്ങളും ശീലിക്കാത്ത കുട്ടികള്‍ ഉള്ളാലെ സ്വാര്‍ത്ഥരാകുന്നു.

വിവാഹജീവിതത്തില്‍ ഇതിന്‍റെ പ്രതിഫലനങ്ങള്‍ കാര്യമായ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. വിട്ടുവീഴ്ചകള്‍ ശീലമില്ലാത്തതും ക്ഷമിക്കാന്‍ അറിയാത്തതും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണവും മറ്റൊന്നല്ല.

വിവാഹത്തിനു മുന്‍പ് സങ്കല്‍പ്പലോകം പണിഞ്ഞ് അതിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. തിരിച്ചടികളെ അതിജീവിക്കാനുള്ള കഴിവല്ല, തിരിച്ചടികളുണ്ടാകും മുന്‍പു തന്നെ ഒരു രക്ഷപെടല്‍ മനോഭാവം വളരുകയും ഒഴിവാക്കലുകള്‍ ശീലിക്കുകയുമാണ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക