മനസ്സില്‍ തീ പോലെ പ്രണയം! നെറുക മുതല്‍ പെരുവിരലിന്‍റെ അറ്റം വരെ ആ പ്രണയലഹരിയിലാണ്. ഞരമ്പുകളില്‍ കത്തിപ്പടരുകയാണ്. എന്തിന് ഞരമ്പുകളിലോടുന്ന എന്‍റെ ചുടുരക്‌തം പോലും ഈ പ്രേമലഹരിയില്‍ ഉന്മാദിച്ചിരിക്കുകയാണ്. അത്രയ്‌ക്ക് തീവ്രവും തീക്ഷ്‌ണവുമാണത്. ഇന്നോളം ആരോടും തോന്നാത്ത ആഗ്രഹം, ഇഷ്‌ടം, സ്‌നേഹം ഇതൊക്കെ മനസ്സിനുള്ളില്‍ തിങ്ങിവിങ്ങുമ്പോള്‍ വെറുതെ ഓര്‍ത്തു, ‘പ്രേമത്തിന് കണ്ണില്ല’.
ഇതു വെറുതെ പറയുകയല്ല. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളെയും കൂടുതല്‍ കൂടുതല്‍ ഉദ്ദീപിപ്പിച്ച് എന്നിലെ പ്രേമം വളരുകയാണ്. പക്ഷേ, എന്നില്‍ വളരുന്ന നിഷ്‌കപടമായ ഈ പ്രണയത്തിന് മുന്നില്‍ ഞാന്‍ തളരുകയാണ്. വെറുതെയെങ്കിലും ‘എനിക്ക് തന്നെ ഇഷ്‌ടമാണെന്ന്‘ പറഞ്ഞാല്‍ ആ സൌഹൃദവും എനിക്ക് നഷ്‌ടമായാലോ എന്ന ഭയത്താല്‍. പറയാതിരിക്കുകയാങ്കില്‍ സുഹൃത്തായെങ്കിലും അവന്‍ നിലകൊള്ളില്ലേ?
ഓരോ പ്രഭാതവും എനിക്ക് പുതിയതാകുന്നത് അവനെക്കുറിച്ച് ഓര്‍ക്കുമ്പോളാണ്. നിമിഷങ്ങള്‍ മാത്രമേ പരസ്‌പരം കണ്ടിട്ടുള്ളു. ചിന്തകളും, വിചാരങ്ങളും പങ്കുവെച്ചത് ‘മൊബൈല്‍’ എന്ന ആധുനിക ‘ഹെല്‍പറിലൂടെ’ ആയിരുന്നു. സമാനമായ ചിന്തകള്‍, സമാനമായ ലക്‌ഷ്യങ്ങള്‍. ജീവിതത്തിലിന്നു വരെ ആരുമായും ഒരു വാക്‌തര്‍ക്കത്തില്‍ പോലും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാതിരുന്ന ഞാന്‍ വാഗ്വാദങ്ങളില്‍ അവന്‍റെ അന്തിമവിധികളെ അംഗീകരിച്ചു. മനസ് കൊണ്ട് ഇഷ്‌ടപ്പെടുക എന്നുള്ളത് കുറച്ച് റിസ്‌ക്കുള്ള കാര്യമാണെന്നാണ് അന്നും ഇന്നും എന്‍റെ പക്ഷം.
കാലം കുതിച്ചു പാഞ്ഞു. ജീവിതമാകുന്ന കടലില്‍ ജോലിയാകുന്ന തോണിയിലൂടെ ഞങ്ങള്‍ ഇരുദിശകളിലായി. അവസാനമായി കാണുന്നതിന് മുമ്പായിരുന്നു ഞങ്ങള്‍ പരസ്‌പരം ആദ്യമായി പിണങ്ങിയത്. ആ പിണക്കത്തിന് വലിയ ആയുസ്സില്ലായിരുന്നു. പക്ഷേ, പിണക്കം ഇഫ്‌ക്‌ട് ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു. നീണ്ട ഒരുവര്‍ഷക്കാലത്തിനു ശേഷം വീണ്ടും പഴയപോലെയൊക്കെ ഞങ്ങളുടെ സൌഹൃദം തളിര്‍ത്തു കഴിഞ്ഞു. എന്‍റെ ‘വണ്‍വേ ട്രാഫിക്‘ പ്രണയവും കൂടുതല്‍ ശക്‌തമായി കഴിഞ്ഞു.
ആദ്യകാലത്ത് മതത്തെക്കുറിച്ചുള്ള ചിന്ത പ്രണയത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നങ്കില്‍ ഇപ്പോള്‍ എനിക്ക് ആ ചിന്ത ഇല്ല. അഭയകേസിലെ പ്രതികളായ അച്ചന്മാരുടെയും കന്യാസ്‌ത്രീയുടെയും നാര്‍കോ അനാലിസിസ് സിഡി ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതിനു ശേഷം ‘മതമില്ലാത്തവള്‍’ എന്ന് പറയാനാണ് ആഗ്രഹം. വെള്ളഫ്രോക്ക് ധരിച്ച് ഒരു ക്രിസ്‌ത്യാനി പയ്യനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും ഇതോടെ ഇല്ലാതായി. താലിയും കുരിശും വെഞ്ചരിച്ചു തരുന്ന കാര്‍മ്മികര്‍ എത്തരക്കാരെന്ന് ആര്‍ക്കറിയാം?
എന്‍റെ പ്രണയത്തില്‍ ഇപ്പോള്‍ സംശയമില്ല, തടസങ്ങളില്ല. പ്രണയത്തില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്താന്‍ തക്ക ഒന്നും ഇന്നില്ല. പക്ഷേ അവനോട് പ്രണയം തുറന്നു പറയാന്‍ എനിക്ക് എന്തോ കഴിയുന്നില്ല. പേടിയാണ്, എനിക്ക് നിന്നോട് പ്രണയമാണെന്ന് ഞാന്‍ പറഞ്ഞാല്‍ അവശേഷിക്കുന്ന സൌഹൃദം പോലും ഇല്ലാതെ അവന്‍ പോയാലോ? അത് എന്നില്‍ വരുത്തുന്ന ആഘാതം ചെറുതല്ലെന്ന് എനിക്കറിയാം.