ചുംബനം നല്‍കാനെത്തി; കാമുകന്‍ ഭീകരനായി!

തിങ്കള്‍, 11 ജനുവരി 2010 (16:16 IST)
PRO
പ്രണയത്തിന് കണ്ണില്ല എന്നല്ലേ? പ്രണയപങ്കാളിയുടെ സൌന്ദര്യം, ജോലി, സ്വഭാവം, കുടുംബസ്ഥിതി ഇതൊന്നും പലപ്പോഴും പ്രണയിക്കുന്ന സമയത്ത് ആരുടെയും കണ്ണില്‍ പെടില്ല. പ്രണയിക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ മാനസികമായി ശക്തരാണെന്നതും സത്യമാണ്. പ്രണയത്തിനു വേണ്ടി അവര്‍ എന്തും ചെയ്യും. ഏഴു കടലും കടക്കും. ഏതു പര്‍വ്വതവും താണ്ടും. ഏതു വ്യാളിയെയും നേരിടും.

ഇങ്ങനെ പ്രണയപ്പനി പിടിച്ച ഒരു കാമുകന്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ കാട്ടിക്കൂട്ടിയ പുകിലുകള്‍ അറിഞ്ഞില്ലേ? ഹെയ്സങ് ജിയാങ് എന്ന ചൈനീസ് യുവാവാണ് തന്‍റെ കാമുകിയെ കാണാനായി ചില വീര സാഹസങ്ങള്‍ കാണിച്ചതും ന്യൂയോര്‍ക്ക് വിമാനത്താവളത്തെ കിടുകിടാ വിറപ്പിച്ചതും. ജനുവരി മൂന്നിനാണ് സംഭവം ഉണ്ടായത്.

ന്യൂയോര്‍ക്കിലെ ന്യൂവാക് വിമാനത്താവളത്തില്‍ വിമാനത്തില്‍ കയറാനായി പോയ കാമുകിയെ യുവാവ് പിന്തുടരുകയായിരുന്നു. പിന്തുടര്‍ന്നത് എങ്ങനെ എന്നല്ലേ? എല്ലാവിധ സുരക്ഷാ പരിശോധനകളെയും വെട്ടിച്ചാണ് ഹെയ്സങ് ജിയാങ് സുരക്ഷാമേഖലയിലേക്ക് ഇടിച്ചുകയറിയത്. പരിശോധനയ്ക്ക് ശേഷം നില്‍ക്കുന്ന യാത്രക്കാരുടെ ഇടയിലേക്ക് പരിശോധന കൂടാതെ ഒരു യുവാവ് അതിക്രമിച്ചു കടന്നതായി ഉടന്‍ തന്നെ വാര്‍ത്ത പരന്നു.

ഈ വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്നുള്ള മുന്നറിയിപ്പുകള്‍ അടുത്തിടെ പലതവണ ഉണ്ടായതാ‍ണ്. ഇങ്ങനെ ഒരു ജാഗ്രതാ നിര്‍ദ്ദേശം നിലവിലിരിക്കെയാണ് അജ്ഞാതനായ ഒരാള്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളെയും വെട്ടിച്ച് ഉള്ളില്‍ കടന്നിരിക്കുന്നത്. ഉടന്‍ തന്നെ എല്ലാ വിമാനങ്ങളും തടഞ്ഞ് വീണ്ടും പരിശോധന നടത്തി. 1600 യാത്രക്കാര്‍ ആറുമണിക്കൂറാണ് ഇതുമൂലം ന്യൂവാക് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ആരാണു നുഴഞ്ഞു കയറിയതെന്നോ, എങ്ങനെ കയറിയെന്നോ വിമാനത്താവള അധികൃതര്‍ക്കോ പൊലീസിനോ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളിലൊന്നും ‘കടന്നുകയറിയ’ യുവാവിന്‍റെ ദൃശ്യം പതിഞ്ഞില്ല. എന്നാല്‍ പിന്നീട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ ടേപ്പ് പരിശോധിച്ച അധികൃതര്‍ ഞെട്ടി.

‘ഒരു യുവാവ് സൂത്രത്തില്‍ എല്ലാ സുരക്ഷാ പരിശോധകരെയും വെട്ടിച്ച് ഉള്ളില്‍ കടക്കുന്നു. അതിനു ശേഷം ഒരു യാത്രക്കാരിയെ തെരുതെരെ ചുംബിക്കുന്നു. പിന്നീട്‌ അവളെ ഒരു വിമാനത്തിലേക്ക് നയിക്കുന്നു.’ - ഈ ദൃശ്യം കണ്ടപ്പോഴാണ് അധികൃതര്‍ക്ക് ശ്വാസം നേരെ വീണത്. വിമാനത്താവളത്തില്‍ കടന്നുകയറിയത് ഭീകരനല്ല, പ്രണയ പരവശനായ ഒരു യുവാവാണെന്ന വാര്‍ത്തയും നിമിഷങ്ങള്‍ക്കകം പരന്നു.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹെയ്സങ് ജിയാങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റട്‌ജേഴ്സ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ജിയാങ്, ലോസ് ഏഞ്ചല്‍‌സില്‍ താമസിക്കുന്ന തന്‍റെ കാമുകിയെ യാത്രയയയ്ക്കാനാണ് ന്യൂവാക് വിമാനത്താവളത്തില്‍ കയറിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് അവള്‍ ഉള്ളില്‍ പോയപ്പോള്‍ ജിയാങിന് വിരഹദുഃഖം അടക്കാനായില്ല. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും വെട്ടിച്ച് കക്ഷി ഉള്ളില്‍ കയറി. കാമുകിക്ക് വിടവാങ്ങല്‍ ചുംബനം നല്‍കി വിമാനത്തിലേക്ക് ആനയിക്കുകയും ചെയ്തു.

താന്‍ തീവ്രവാദിയൊന്നുമല്ലെന്നും ഒരു പാവം കാമുകനാണെന്നും ഏറ്റുപറഞ്ഞതോടെ കേസില്‍ നിന്ന് ഹെയ്സങ് ജിയാങിന് ഉടന്‍ മോചിതനാകാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക