കാലത്തെ തോല്‍പ്പിച്ച പ്രണയം

ശനി, 2 മെയ് 2009 (20:10 IST)
യഥാര്‍ത്ഥ സ്നേഹം കാലത്തിനതീതമാണെന്ന ഷേക്സ്പീരിയന്‍ സോണറ്റിന് മറ്റൊരു നിദര്‍ശനമാകുകയാണ് അലന്‍റെയും ഐറിന്‍റെയും പ്രണയജീവിതം. നീണ്ട 45 വര്‍ഷത്തെ വിരഹ ജീവിതത്തിന് ശേഷം ഒന്നിക്കാനായ ഈ നവ ദമ്പതികള്‍ സ്ഥായിയായ, നിശബ്ദത നിറഞ്ഞ സ്നേഹത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കോര്‍ത്തിണക്കി ഒരു ഒരു പ്രണയ കാവ്യം തന്നെ രചിച്ചിരിക്കുകയാണ്.

തങ്ങളുടെ വിരഹാര്‍ദ്രമായ പ്രണയത്തെക്കുറിച്ച് അലന്‍ ഈയിടെ ഒരു മാധ്യമത്തോട് മനസ്സു തുറന്നു.

1959ല്‍ സണ്ടര്‍ലാന്‍ഡിലെ ഒരു ബാലസദനത്തില്‍ വച്ചാണ് അലനും ഐറിന്‍ ബ്രോഗനും കണ്ടുമുട്ടുന്നത്. തങ്ങള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ഇരുവരും തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. എന്നാല്‍ ഇവരുടെ ബന്ധത്തില്‍ പന്തികേട് തോന്നിയ അധികൃതര്‍ അലനെ സണ്ടര്‍ലാന്‍ഡിലെ തന്നെ മറ്റൊരു ബാല സദനത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും അധികം ഒന്നിച്ചിടപഴകുന്നത് ഉചിതമല്ലെന്നായിരുന്നു അധികൃതരുടെ ഭാഷ്യം - അലന്‍ പറയുന്നു.

ബാ‍ലസദനത്തില്‍ കഴിയവേ, തന്നെ വിറ്റ്ബിയിലുള്ള ഒരു കുടുംബം ദത്തെടുക്കുകയായിരുന്നെന്ന് അലന്‍ ഓര്‍ക്കുന്നു. അങ്ങനെ ഞങ്ങള്‍ രണ്ട് കുടുംബങ്ങളിലായി. ഐറിനെ കാണാനും കാര്യങ്ങളെല്ലാം തുറന്നു പറയാനും അതിയായി ആഗ്രഹിച്ച ദിനങ്ങളായിരുന്നു അത്.

എന്നാല്‍ ഐറിനെ കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അലനെ കാണാന്‍ ഇറിനും ശ്രമം നടത്തിയിരുന്നു. “എന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഞാന്‍ അലനെ സ്നേഹിച്ചിരുന്നു. അതിനാല്‍ ഞാന്‍ അവനു വേണ്ടി കാത്തിരിക്കുകയായിരുന്നു” - ഐറിന്‍ പറയുന്നു.

തൊണ്ണൂറുകളിലാണ് ഇവര്‍ വീണ്ടും പരസ്പരം കണ്ടുമുട്ടുന്നത്. ഏതോ ആവശ്യത്തിന് അലന്‍ തന്‍റെ ഭാര്യയെ കാണാന്‍ സണ്ടര്‍ലാന്‍ഡില്‍ പോയ സമയത്ത് അവിടത്തെ ജോലിക്കാരിയായിരുന്നു ഐറിന്‍.

“എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായതും എന്നാല്‍ ഏറ്റവും നല്ലതുമായ ദിവസമായിരുന്നു അത്. ഏറെ നേരം ഞാന്‍ അവളെത്തന്നെ നോക്കി നിന്നു. മഞ്ഞ് പതിയെ നീങ്ങി. ഏറ്റവും കൂടുതല്‍ കാണാനാഗ്രഹിച്ച മുഖമാണതെന്ന് ഞാന്‍ മനസ്സിലാക്കി” - അലന്‍ പറയുന്നു.

അവളുടെ കൈ പിടിച്ച് തെരുവുകളിലൂടെ ഓടിക്കളിക്കുന്ന പഴയ ചിത്രമാണ് ആ സമയത്ത് എനിക്കോര്‍മ്മ വന്നത്. “എന്നാല്‍ അവിടെയും ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുടുംബങ്ങളുണ്ടായിരുന്നു” - അലന്‍. അതിനാല്‍ ഒരായിരം ചോദ്യങ്ങള്‍ ബാക്കിവച്ച് വിത്യസ്ത ദിശയിലേക്ക് തന്നെ ഇരുവരും നടന്നു നീങ്ങി.

ജോലി ആവശ്യത്തിനായി അലന്‍ സ്കോട്ട്ലാന്‍ഡിലേക്ക് പോയി. അവിടെവച്ച് തന്‍റെ ഭാര്യയെ നഷ്ടമായ അദ്ദേഹം വീണ്ടും സണ്ടര്‍ലാന്‍ഡിലേക്ക് തന്നെ തിരിച്ചുപോന്നു. ഇതിനിടയ്ക്കെപ്പോഴോ ഐറിനും തന്‍റെ ബന്ധം വേര്‍പെടുത്തിക്കഴിഞ്ഞിരുന്നു.

2004ല്‍ സണ്ടര്‍ലാന്‍ഡ് പട്ടണത്തില്‍ വച്ച് അവര്‍ അവിചാരിതമായി വീണ്ടും കണ്ടുമുട്ടി. “ഐറിന്‍ അവളുടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഞാന്‍ അവളുടെ കൈകള്‍ വാരിയെടുത്തു. ഞങ്ങള്‍ ഇരുവരും കൊച്ചുകുട്ടികളെ പോലെ ആ നിരത്തിലൂടെ ആടിയും പാടിയും നടന്നു നീങ്ങി” - അലന്‍റെ വാക്കുകളില്‍ ഈ അപൂര്‍വസംഗമത്തിന്‍റെ നിര്‍വൃതി അലതല്ലിയിരുന്നു.

45 വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ പ്രണയം പൂവണിഞ്ഞത്. ഇപ്പോള്‍ ഇവര്‍ക്കിടയില്‍ യാതൊരു നിയന്ത്രണവുമില്ല. 2007ലാണ് അലനും ഐറിനും വിവാഹിതരാവുന്നത്. അലന് 56ഉം ഐറിന് 58ഉം വയസ്സാണുള്ളത്.

വെബ്ദുനിയ വായിക്കുക