പ്രണയനൈരാശ്യത്തെ മറികടക്കാന്‍

തിങ്കള്‍, 26 ഒക്‌ടോബര്‍ 2009 (21:19 IST)
IFM
രമണന്‍ ആത്മഹത്യ ചെയ്ത കാലമല്ല ഇപ്പോള്‍. ഇന്ന് പ്രണയനൈരാശ്യത്തിന് പഴയ തീവ്രതയില്ലെന്നാണ് പൊതുവേ പറയാറ്‌. എങ്കിലും പ്രണയമുള്ളിടത്തെല്ലാം പ്രണയനൈരാശ്യവും ഉണ്ടാകുമെന്ന സാമാന്യ യുക്തിയില്‍ പറയുകയാണെങ്കില്‍, ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ രമണന്‍‌മാരും ദേവദാസ്മാരും പരീക്കുട്ടിമാരും ജീവിക്കുന്നു.

പ്രണയം നഷ്ടപ്പെടുന്നത് വേദന തന്നെയാണ്. സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ചയാള്‍ ഒരു ദിവസം ഉപേക്ഷിച്ച് എങ്ങോ മറയുമ്പോള്‍ കടുത്ത ഡിപ്രഷന്‍ ഉണ്ടാകുന്നതും സ്വാഭാവികം. ഇനി ജീവിച്ചിരിക്കുന്നതു കൊണ്ട് അര്‍ത്ഥമില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും വേഗത്തില്‍ ചിന്തിച്ചുപോകും. അങ്ങനെ, പ്രണയം നല്‍കിയ നിരാശയില്‍ ജീവിതം എറിഞ്ഞുടയ്ക്കുന്നവര്‍ ധാരാളം, ഇന്നും, ഇക്കാലത്തും!

ഒരിക്കലും തന്നെ പിരിഞ്ഞു പോകില്ലെന്ന് കരുതുന്നയാള്‍ നിഷ്കരുണം ഉപേക്ഷിച്ചുപോകുമ്പോള്‍ ഉണ്ടാകുന്ന ഷോക്ക് വളരെ വലുതായിരിക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആ ഷോക്കിന് അടിപ്പെട്ടുപോകുമ്പോഴാണ് വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും വഴുതിവീഴുന്നത്. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് എല്ലാ പ്രണയിതാക്കളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ഒരു പ്രണയം മുറിയുന്നത് ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലായിരിക്കും. “ഇനി നീയുമായി ഒരു ബന്ധവുമില്ല” എന്ന് അവന്‍ അല്ലെങ്കില്‍ അവള്‍ പറയുന്ന നിമിഷം, ആ നിമിഷത്തിലാണ് പ്രണയത്തകര്‍ച്ച പൂര്‍ണമാകുന്നത്. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് അറിഞ്ഞിരിക്കേണ്ടത്. താന്‍ പ്രണയിച്ചയാള്‍ തന്നെ ഇത്രയേറെ വെറുക്കാനും ബന്ധം അവസാനിപ്പിച്ച് മടങ്ങാനും എന്താണ് കാരണം എന്ന് ചിന്തിക്കുക.

പ്രണയബന്ധം അവസാനിക്കുന്നതിന് ഒരു ‘കാരണം’ ഉണ്ടാവണമല്ലോ. ആ കാരണം എന്താണെന്ന് മനസില്‍ വീണ്ടും വീണ്ടും വിശകലനം ചെയ്യുക. പ്രശ്നം വഷളാകാന്‍ കാരണം തന്‍റെ നിലപാടുകളാണോ എന്ന് ആലോചിക്കുക. പ്രണയപങ്കാളിയെ തന്‍റെ ഏതൊക്കെ പ്രവൃത്തികള്‍ മാനസികമായി മുറിവേല്‍പ്പിച്ചു എന്നകാര്യത്തെക്കുറിച്ച് ഹൃദയം കൊണ്ട് അന്വേഷണം നടത്തുക.

പ്രണയബന്ധം അവസാനിക്കുന്നതിന് രണ്ടുപേരും ഉത്തരവാദികളാകാം. കൂടുതല്‍ തെറ്റ് ആരുടെ ഭാഗത്താണെന്ന് ആലോചിക്കുക. ആ തെറ്റ് തിരുത്താന്‍ ഏതൊക്കെ രീതിയില്‍ കഴിയും എന്ന് ചിന്തിക്കുക. തിരുത്താന്‍ കഴിയുന്ന തെറ്റുകളാണെങ്കില്‍ തിരുത്താനും, ക്ഷമിക്കാന്‍ കഴിയുന്ന കുറ്റങ്ങളാണെങ്കില്‍ ക്ഷമിക്കാനും നിങ്ങള്‍ തന്നെ മുന്‍‌കൈ എടുക്കണം. പ്രണയം വീണ്ടും തളിര്‍ക്കാനായുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് ഈഗോ തടസമാകരുത്.

അഥവാ, ഒരിക്കലും ഇനി കൂട്ടിച്ചേര്‍ക്കാനാവില്ലെന്ന് മനസിലായാല്‍ അടിയന്തിരമായി സ്വീകരിക്കേണ്ട ചില തയ്യാറെടുപ്പുകളുണ്ട്. ‘ആ ബന്ധം അവസാനിച്ചു’ എന്ന് മനസിനെ ബോധ്യപ്പെടുത്തുക. അതിന് ശേഷം കുറച്ചുനേരം, ഒന്നും ആലോചിക്കാതെ, മനസിനെ ശാന്തമാക്കി വയ്ക്കുക. ഒരു ധ്യാനാവസ്ഥയില്‍, എത്രസമയം ഇരിക്കാമോ അത്രയും സമയം എല്ലാം മറന്ന് ശരീരത്തിനും മനസിനും വിശ്രമം നല്‍കുക.
IFM


പ്രണയബന്ധം തകര്‍ന്നു കഴിഞ്ഞു. ഇനി അത് തിരിച്ചു വരില്ല. തന്‍റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ആലോചിക്കുക. മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ ഇവരെക്കുറിച്ചൊക്കെ ആലോചിക്കുക. പ്രണയം മാത്രമല്ല ജീവിതമെന്നും മറ്റ് സാമൂഹികബന്ധങ്ങളിലൂടെ ഈ ലോകത്തിന് പല സംഭാവനകളും നല്‍കാനുണ്ടെന്നും ചിന്തിക്കുക. താന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയേക്കാള്‍/ആണ്‍കുട്ടിയേക്കാള്‍ തന്നെ സ്നേഹിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഈ ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുക.

വിഷാദത്തില്‍ നിന്നും മനസിനേറ്റ മുറിവില്‍ നിന്നും പതിയെ തിരിച്ചുവരാന്‍ ഈ ചിന്തകളിലൂടെ കഴിയും. കൂടുതല്‍ ജ്വലിക്കുന്ന ഒരു ജീവിതം നയിച്ച് ലോകത്തിന് വിളക്കായി മാറാനും കഴിയും.

വെബ്ദുനിയ വായിക്കുക