ആദ്യത്തെ പ്രണയാവേശമൊക്കെ കെട്ടടങ്ങിയപ്പോള്‍ ഉള്ളിലൊരാന്തലാണ്. വേണ്ടായിരുന്നു. ഒന്നാമത് അവളുടെ (അവന്‍റെ) പല സ്വഭാവങ്ങളും നിര്‍ബന്ധങ്ങളും തീരെ പിടിക്കുന്നില്ല.
ഇതിപ്പോ അഴകുള്ള ചക്കയില്‍ ചുളയില്ല എന്നു പറഞ്ഞ പോലെയായി. തീവ്രാനുരാഗം അനുഭവത്തില്‍ വന്നപ്പോള്‍ ഒട്ടും തീവ്രമല്ല. എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ല. മറ്റേ കക്ഷിയോടു പറയാനാണെങ്കില്‍ ആകെയൊരു അരുതായ്കയും. ഇതാണോ നിങ്ങളുടെ സാഹചര്യം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം മനസ്സിലുള്ള ആളാണോ നിങ്ങള്‍. എന്നാലിനി സോള്‍വ് ചെയ്യാനും കൂട്ടിയിണക്കാനും ഒന്നും നില്‍ക്കണ്ട. പെട്ടന്ന് പ്രണയപങ്കാളിയോട് കാര്യം പറയുക. നിങ്ങള്‍ക്കു വന്ന പ്രണയപ്പനി കാര്യമല്ല വെറും ഭ്രമം മാത്രമാണെന്ന് സ്വയം അംഗീകരിക്കുക.
മറ്റേയാളേക്കൂടി വെള്ളത്തിലാക്കാതെ പെട്ടന്ന് കാര്യം പറയുക. പൊന്നേ തേനേ എന്നൊക്കെ അഭിനയിക്കാന്‍ നില്‍ക്കാതെ നിങ്ങളുടെ മൂഡ് ഓഫ് തുറന്നു പ്രകടമാക്കുക. കാര്യമാരാഞ്ഞാല്‍ പ്രശ്നം പറയുക. ചിലപ്പോള്‍ ഇത്രനാള്‍ കൊണ്ട് അയാള്‍ തിരിച്ചറിഞ്ഞ കാര്യം തന്നെയാകാം അത്.
അല്ലെങ്കില്‍ അല്‍പ്പം പൊട്ടലും ചീറ്റലുമൊക്കെയുണ്ടാകും. എന്തായാലും താത്പര്യമില്ലാതെ അഭിനയിച്ച് വഞ്ചിക്കുന്നതിലും ഭേദം തുറന്നു പറയുന്നതു തന്നെ. എന്താ ഇനി വൈകില്ലല്ലോ...