പ്രണയം പൂക്കാന്‍ ഫ്ലിര്‍ടെക്സ്റ്റിംഗ്

ബുധന്‍, 22 ഏപ്രില്‍ 2009 (20:12 IST)
ശാസ്ത്രസാങ്കേതികവിദ്യ പുരോഗമിച്ചതോടെ പഴയ മരം ചുറ്റി പ്രേമവും അസ്തമിക്കുന്നു. കാമുകന്‍ കാമുകിക്ക് കത്തുകൊടുക്കലും അത് കാമുകിയുടെ കുടുംബാംഗങ്ങള്‍ കണ്ടെത്തുന്നതും പിന്നെയുണ്ടാവുന്ന പുലിവാലുകളുമൊക്കെ പഴയ സിനിമകളില്‍ മാത്രമേ ഇനി കാണാനാകൂ.

സാങ്കേതിക വിദ്യയുടെ പുതിയ മാര്‍ഗങ്ങളിലൂടെയാണ് ആധുനിക കാലത്ത് മിക്ക പ്രണയവും പൂത്തുലയുന്നതെന്നതാണ് സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. മൊബൈല്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇന്ന് പ്രണയവുമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പരീക്ഷണത്തിലാണ് യുവജനത. നിരവധി ഇന്‍സ്റ്റന്‍റ് മെസേജിംഗ് സംവിധാനങ്ങള്‍ ഇന്ന് നിലവിലുള്ളതിനാല്‍ പ്രണയ ലേഖനത്തിന് മറുപടി കാത്തുനില്‍ക്കേണ്ട ഗതികേടും ഇന്ന് കമിതാക്കള്‍ക്കില്ല.

മൊബൈലില്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ യുവതലമുറ ഇഷ്ടപ്പെടുന്നത് എസ്എംഎസ് അടക്കമുള്ള സന്ദേശമയയ്ക്കല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാണത്രെ. 18 മുതല്‍ 34 വയസ്സുവരെ പ്രായമുള്ള ആളുകളില്‍ 42 ശതമാനവും പ്രണയവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണയയ്ക്കുന്നതെന്നാണ് മോട്ടൊറോള കാനഡ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടത്. 35 ശതമാനം ചെറുപ്പക്കാരും പ്രണയ സല്ലാപങ്ങള്‍ക്കായി ഫേസ്ബുക്കോ ഇന്‍സ്റ്റന്‍റ് മെസ്സേജിംഗ് സിസ്റ്റമോ ഉപയോഗിക്കുന്നു. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 10 ശതമാനം പേരാണ് ഇത്തരത്തിലുള്ള പ്രണയസന്ദേശങ്ങള്‍ കൈമാറുന്നത്.

ഫ്ലിര്‍ടെക്സ്റ്റിംഗ് എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഇന്ന് പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപകമാണ്. ടെക്സ്റ്റിംഗില്‍ മൊബൈല്‍ ടെക്സ്റ്റിംഗ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും മൊബൈല്‍ ഫോണ്‍ വ്യാപകമാണ് എന്നതാണ് ഇതിന് കാരണം. ഇംഗ്ലീഷ് കനേഡിയന്‍സാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇത്തരത്തിലുള്ള പ്രണയസന്ദേശങ്ങളയക്കുന്നതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആണ്‍കുട്ടികള്‍ പൊതുവെ തങ്ങളുടെ പ്രണയം നേരിട്ട് പറയാന്‍ മടിക്കുന്നവരാണെന്നും അതിനാലാണ് അവര്‍ ഫ്ലിര്‍ടെക്സ്റ്റിനെ ആശ്രയിക്കുന്നതെന്നും മറ്റൊരു സര്‍വേ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും ഇത്തരത്തിലുള്ള സന്ദേശമയയ്ക്കല്‍ വളരെ കൂടുതലാണ്. പലപ്പോഴും ഇവരുടെ പ്രണയം തുടങ്ങുന്നതും ഇവിടെ നിന്നാണ്. യുവജനതയുടെ ഈ ഗതി മനസ്സിലാക്കിയിട്ടായിരിക്കണം അമേരിക്കയിലും യൂറോപ്പിലുമുള്ള മൊബൈല്‍ സേവന ദാതാക്കള്‍ എസ്എംഎസ് നിരക്ക് ക്രമാതീതമായി കുറച്ചിരിക്കുകയാണ്. സന്ദേശമയയ്ക്കുന്നതിന് ഇന്‍റര്‍നെറ്റിലുള്ള സംവിധാനങ്ങളും കുറവല്ല. ചാറ്റിംഗിന്‍റെ വിവിധ പരിഷ്കൃത രൂപങ്ങള്‍ ദിവസേനയെന്നോണം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക