ജ്യോതിഷത്തിലെന്താണ് സെക്സിനു സ്ഥാനമെന്ന് ആരും ചോദിക്കരുത്, കാരണം ഇതു തമ്മില്‍ ഇമ്മിണി ബന്ധം ഉണ്ടെന്നതു തന്നെ! ഗ്രഹനില നോക്കുമ്പോള്‍ ഇക്കാര്യം കൂടി നോക്കിയാല്‍ ജീവിതം പരമാനന്ദമാകുമെന്നാണ് ചില വിദഗ്‌ധര്‍ പറയുന്നത്. അതായത് ഗ്രഹനില തെറ്റിയാല്‍ സംഗതിയെല്ലാം കുഴയുമെന്നു ചുരുക്കം.
വിവാഹത്തില്‍ പരമപ്രധാനമാണ് ആനന്ദത്തിനു മാത്രമല്ല സന്താനലാഭത്തിനും രതിക്ക് അതിപ്രധാനമായ സ്ഥാനമുണ്ട്. ജാതകത്തില്‍ ഏഴാമിടം കൊണ്ടാണ് വിവാഹവും സെക്സും ചിന്തിക്കുന്നത്. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ദമ്പതികള്‍ക്ക് സെക്സിലുള്ള ചേർച്ചകൂടി ഗ്രഹനില പ്രകാരം ചിന്തിക്കുന്നത് നന്നായിരിക്കും. ഏഴ് എട്ട് ഭാവനാഥന്മാര്‍ ഉച്ചന്മാരായിരിക്കുകയും ശുക്രൻ ഉച്ചസ്ഥനാവുകയും ചെയ്യുന്ന പുരുഷന്‍ ഏഴ് എട്ട് ഭാവനാഥന്മാര്‍ ദുർബലരും ശുക്രൻ നീചനുമായ വ്യക്തിയെ വിവാഹം കഴിച്ചാല്‍ രതി വിഷയത്തില്‍ പരസ്പരം കലഹിച്ച് വിവാഹബന്ധം തകർന്നേക്കാം.
പ്രവ്രജ്യയോഗമുളള (സന്യാസയോഗം) വ്യക്തി സന്യാസയോഗമുളള വ്യക്തിയേയുംഅമിതവിഷയാസക്തി ഉളളവര്‍ സമാനചിന്താഗതിയുളള വ്യക്തിയേയും വിവാഹം കഴിച്ചാൽ അവരുടെ ജീവിതം ആനന്ദഭരിതമായിരിക്കുമെന്നതുറപ്പാണ്. ഉത്തമനായ ഒരു ജ്യോതിഷിക്ക് സ്ത്രീയുടെയും പുരുഷന്റെയും രതിവിഷയത്തിലുള്ള അടിസ്ഥാനസ്വഭാവവും കാഴ്ചപ്പാടും ഗ്രഹനിലയിൽ നിന്ന് ഗ്രഹിക്കാനാകും. അതിനാല്‍ വിവാഹപ്പൊരുത്തം പരിശോധിക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. മനഃകാരകനേയും (ചന്ദ്രൻ) ബുദ്ധികാരകനേയും (ബുധൻ) പൊരുത്തശോധനയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പാപഗ്രഹയോഗവീക്ഷണങ്ങളാല്‍ വളരെയധികം ദുർബലനാക്കപ്പെട്ട ചന്ദ്രനും ബുധനുമുളള ജാതകരെ ഒഴിവാക്കുകയാണ് സംതൃപ്തവിവാഹജീവിതത്തിനു നല്ലത്. അല്ലാത്തപക്ഷം മാനസികപ്രശ്നങ്ങളാല്‍ വിവാഹജീവിതം ദുരിതമയമാകാം. ഇത്തരം ഗ്രഹനിലയുളളവര്‍ വളരെ ശ്രദ്ധിച്ച് മാത്രമെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവൂ.