വിദേശ വിദ്യാര്‍ഥിനിയോട് പ്രണയം തോന്നിയ കെ എസ് യു നേതാവ് ഇപ്പോള്‍ പുലിവാലുപിടിച്ച അവസ്ഥയിലാണ്. വിദ്യാര്‍ഥി നേതാവിന്റെ ശല്യം സഹിക്കാനാവുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയതോടെയാണിത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിലോസഫി പഠനവിഭാഗത്തിലെ പി ജി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും മുന്‍ സെനറ്റംഗവുമായ കെ എസ് യു നേതാവാണ് കഥാനായകന്‍. ക്യാമ്പസിലെ ഇംഗ്ലിഷ് ഡിപാര്‍ട്ട്മെന്റ് നാലാം സെമസ്റ്റര്‍ ഗവേഷണ വിദ്യാര്‍ഥിനിയായ ഇറാന്‍ വനിതയെ പ്രണയാഭ്യര്‍ത്ഥനയുമായി ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയാണത്രേ. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും മൂലം സഹികെട്ടാണ് വിദ്യാര്‍ഥിനി വൈസ് ചാന്‍സലര്‍ക്കും വിദ്യാര്‍ഥിക്ഷേമവിഭാഗം തലവനും പരാതി നല്‍കിയത്. വൈസ് ചാന്‍സലര്‍ ഈ പരാതി സ്റ്റുഡന്റ്സ് ഗ്രീവന്‍സ് സെല്ലിന് കൈമാറുകയും ചെയ്തു. ഇവരുടെ അന്വേഷണത്തിനൊടുവിലാണ് പരാതി പൊലീസിന് നല്‍കിയത്. അതോടെ കേസുമെടുത്തു.
വിഷയം റാഗിംഗും സ്ത്രീ പീഡനവുമൊക്കെയായി മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇതെല്ലാം തന്റെ രാഷ്ട്രീയ എതിരാളികളുടെ കളിയാണെന്നും തന്നെ തോജോവധം ചെയ്യാനാണ് ഇവരുടെ ശ്രമമെന്നുമാണ് വിവാദ നേതാവിന്റെ വാദം.