2015ലെ ‘പഞ്ചായത്തില്‍’ ഉമ്മന്‍‌ചാണ്ടിക്ക് കാലിടറി!

ബുധന്‍, 23 ഡിസം‌ബര്‍ 2015 (20:18 IST)
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ മതിമറന്നുനിന്ന യു ഡി എഫിന് കനത്ത തിരിച്ചടിയായത് ഈ വര്‍ഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍‌ചാണ്ടിയുടെ വിജയക്കുതിപ്പിനുള്ള കടിഞ്ഞാണിടലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. 
 
സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണി മുന്നിലെത്തി‍. 566 ഗ്രാമപഞ്ചായത്തുകളില്‍ അധ്യക്ഷപദവി ഇടതുമുന്നണി നേടിയപ്പോള്‍ 332 പഞ്ചായത്തുകളില്‍ ആണ് യു ഡി എഫ് ഭരണം നേടിയത്. 14 പഞ്ചായത്തുകളില്‍ ബി ജെ പി ഭരിക്കും.
 
അതേസമയം, മലപ്പുറം ജില്ലയില്‍ അഞ്ചു പഞ്ചായത്തുകളില്‍ ഭരണം നേടിയത് സി പി എം - കോണ്‍ഗ്രസ് മുന്നണിയാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത് 73 ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫിനാണ്. യു ഡി എഫിന് 19 പഞ്ചായത്തില്‍ ഭരണം ലഭിച്ചു.
 
കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 35 പഞ്ചായത്തുകളില്‍ എല്‍ ഡി എഫും 28 എണ്ണം യു ഡി എഫിനുമാണ്. ജില്ലയില്‍ ഒരു പഞ്ചായത്തില്‍ ആര്‍ എം പിക്കാണ് ഭരണം.
 
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു‌ഡി‌എഫിന് കനത്ത തിരിച്ചടി ഉണ്ടായതിനു പിന്നാലെ പരസ്പരം ആരോപണങ്ങളുമായി യുഡി‌എഫിലെ കക്ഷികളും പരസ്പരം രംഗത്ത് വന്നു. ആദ്യം കലഹം തുടങ്ങിയത് കോണ്‍ഗ്രസില്‍ തന്നെയാണ്. ഗ്രൂപ്പ് വഴക്ക് പരസ്യമായതൊടെ യുഡി‌എഫ് നേതാക്കളും പരസ്പരം രംഗത്തെത്തി.
 
ലീഗാണ് യു‌ഡി‌എഫ് നേതൃത്വത്തോട് പരസ്യമായി ആദ്യം കലഹിച്ചത്. മുന്നണി സംവിധാനം ഫലപ്രദമായിരുന്നില്ലെന്നാണ് ലീഗ് വെടിപൊട്ടിച്ചത്. തൊട്ടുപിന്നാലെ ലീഗിനെ കുത്തിക്കൊണ്ട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ ‌എം മാണി രംഗത്തെത്തി.
 
ശക്തികേന്ദ്രങ്ങള്‍ പലതും തകര്‍ന്നപ്പോള്‍ യു‌ഡി‌എഫിനെ താങ്ങി നിര്‍ത്തിയത് തങ്ങളാണെന്നാണ് മാണി പറഞ്ഞത്. മലപ്പുറത്ത് ലീഗിന്റെ പല കോട്ടകളും എല്‍‌ഡി‌എഫ് പിടിച്ചെടുത്തിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് മാണി വെടിപൊട്ടിച്ചത്.
 
പാലായിലെ ജനവിധി തനിക്കുള്ള ജനവിധിയാണെന്ന് മാണി നേരത്തെ പറഞ്ഞിരുന്നു. അതിന് മറുപടിയുമായി ടി‌ എന്‍ പ്രതാപന്‍ രംഗത്ത് വന്നിരുന്നു. പാലാ മാത്രമല്ല കേരളമെന്നും കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളതാണ് കേരളമെന്നും പ്രതാപന്‍ മാണിയെ ഓര്‍മ്മിപ്പിച്ചു.
 
ഇതിനിടയില്‍ മാണിക്ക്‌ എതിരെ ഒളിയമ്പുമായി ആര്യാടന്‍ മുഹമ്മദും രംഗത്തെത്തി. ബാര്‍ കോഴക്കേസ്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന്‌ അന്വേഷിക്കണമെന്ന്‌ ആര്യാടന്‍ കേന്ദ്ര നേതൃത്വത്തോട്‌ അഭിപ്രായപ്പെട്ടു.
നേൃത്വത്തിനെതിരെ തുറന്നടിച്ചാണ്‌ കെ. മുരളീധരന്‍ രംഗത്തെത്തിയത്‌. പാര്‍ട്ടി സംവിധാനം തെരഞ്ഞെടുപ്പില്‍ പരാജയമായി. പലയിടത്തും റിബലുകളെ പാര്‍ട്ടി നേതൃത്വം പിന്തുണച്ചു. തെരഞ്ഞെടപ്പില്‍ ഇത്‌ യു.ഡി.എഫിന്‌ തിരിച്ചടിയായെന്നും മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക