Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-1

അഭിറാം മനോഹർ

തിങ്കള്‍, 10 മാര്‍ച്ച് 2025 (17:29 IST)
ഹിന്ദുക്കള്‍ക്ക് ഏറെ പ്രധാനപ്പെട്ട ആത്മീയമായ യാത്രയാണ് കൈലാസയാത്ര. ഹിമാലയത്തിലെ കൈലാസത്തിലേക്കുള്ള യാത്ര മോക്ഷം സമ്മാനിക്കുമെന്നാണ് ഹിന്ദുമത വിശ്വാസികള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമായി പരന്നുകിടക്കുന്ന കൈലാസയാത്ര പക്ഷേ അല്പം ബുദ്ധിമുട്ടേറിയതും ചിലവേറിയതുമാണ്. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്ക് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന കൊയമ്പത്തൂരിലെ വെള്ളിയാങ്കിരി മലനിരകളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടപ്പെട്ട ഇടം കൂടിയാണ് സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടിയോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 7 മടക്കുകളായി കിടക്കുന്ന വെള്ളിയാങ്കിരി മലനിരകള്‍.
 
ഏഴുമലകള്‍ക്ക് അപ്പുറം സ്വയംഭൂവായി ശിവന്‍ അവതരിച്ചെന്ന് കരുതപ്പെടുന്ന വെള്ളിയാങ്കിരിയിലേക്കുള്ള യാത്ര പക്ഷേ അത്ര എളുപ്പമല്ല. കുത്തനെയുള്ള പാറകളും വഴുക്ക പ്പാറെ എന്ന് പറയുന്ന തെന്നുന്ന പാറകളും ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങളും താണ്ടി വേണം ഏഴാമത്തെ മലയുടെ മുകളിലെ ക്ഷേത്രത്തിലെത്താന്‍. പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ ഈ പ്രദേശം ശിവരാത്രിയോട് അനുബന്ധിച്ച് 3-4 മാസങ്ങളില്‍ മാത്രമാണ് തുറന്ന് നല്‍കാറുള്ളത്.
 
 കൊയമ്പത്തൂരില്‍ ഇഷായോഗ( ആദിയോഗി) യില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമുള്ള പൂണ്ടി വെള്ളൈ വിനായകര്‍ ക്ഷേത്രത്തില്‍ നിന്നാണ് ട്രക്കിങ്ങിന് തുടക്കമാവുക.നിശ്ചിതകാലം മാത്രം ട്രക്കിംഗ് ഉള്ളതിനാല്‍ തന്നെ 24 മണിക്കൂറും ഭക്തര്‍ക്ക് മല കയറാവുന്നതാണ്. എന്നാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയപ്രശ്‌നങ്ങള്‍ ഉള്ളവര്‍ മലകയറരുതെന്ന് നിര്‍ദേശമുണ്ട്. വലിയ പാറകള്‍ കൊണ്ടുള്ള പടികള്‍ ട്രക്കിങ്ങിന്റെ പാതിയോളം ദൂരമുള്ളതിനാല്‍ മുകളിലേക്കുള്ള യാത്ര എളുപ്പമല്ല. ചെറിയ പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും മാത്രമാണ് മല കയറാന്‍ അനുവാദമുള്ളത്.
 

വെബ്ദുനിയ വായിക്കുക