ഐശ്വര്യ അനുഗ്രഹങ്ങള്‍ക്കായി ഇന്ന് വരലക്ഷ്മീ പൂജ

വെള്ളി, 12 ഓഗസ്റ്റ് 2016 (09:25 IST)
ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇന്ന് ദക്ഷിണേന്ത്യയില്‍ ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയായ ലക്ഷ്മിയെ ആരാധിക്കുന്ന വരലക്ഷ്മി പൂജ നടക്കുന്നു. ക്ഷേമസൗഭാഗ്യങ്ങള്‍ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്‍ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജയും വ്രതവും. ഈ ദിനം മഹാലക്ഷ്മിയുടെ ജന്മദിനമാണെന്നാണ് സങ്കല്പ്പം. മഹാലക്ഷ്മി പാല്‍ക്കടലില്‍ നിന്നും ഉയര്‍ന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവെന്നാണ് ഐതീഹ്യം.
 
തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്. ഈ ദിനത്തില്‍ സുമംഗലികളാണ് ആഗ്രഹനിവര്‍ത്തിക്കായി പൂജ നടത്തുക. സര്‍വ്വ ശക്തയായ ദേവിയുടെ അനുഗ്രഹവും മറ്റ് ഈശ്വരന്‍മാരുടെ അനുഗ്രഹവും വരലക്ഷ്മി പൂജ നടത്തുന്നതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയുടെ അനുഗ്രത്തിനായി സ്ത്രീകള്‍ പ്രത്യേക കീര്‍ത്തനങ്ങളും ആലപിക്കും. വരലക്ഷ്മി പൂജ നടത്തുന്ന ദിവസം സ്ത്രീകള്‍ പാരമ്പര്യ രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കുക.
 
വരലക്ഷ്മി എന്നാല് എന്തുവരവും നല്കുന്ന ലക്ഷ്മി എന്നാണര്‍ത്ഥം. ആഗ്രഹിക്കുന്ന എല്ലാ ക്ഷേമഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ലഭിക്കാനായി ലക്ഷ്മി പ്രീതിക്കായാആണ് വരലക്ഷ്മീ വ്രതം അനുഷ്ഠിക്കുക. രണ്ട് ദിവസങ്ങളിലായാണ് വ്രതാനുഷ്ഠാനവും പൂജയും. വ്യാഴാഴ്ച പൂജാമുറി വൃത്തിയാക്കി അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കള്‍കൊണ്ട് അലങ്കരിക്കുന്നു. പിന്നീട് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.
 
ഒരു ചെമ്പ് കലശത്തില്‍ നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കും. കുടത്തിന്റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ്ഠിക്കുന്നു. നാളീകേരത്തില്‍ ദേവിയുടെ രൂപം വച്ച് കുടത്തിന്റെ മുഖം ഭംഗിയായി അലങ്കരിക്കും. പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കര്‍പ്പൂരം ഉഴിയുന്നു. വരലക്ഷ്മി പൂജ ചെയ്യുന്നതിന് തലേന്ന് രാത്രി ആഹാരം ഉപേക്ഷിക്കണം.
 
വെള്ളിയാഴ്ച ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു. ലക്ഷ്മിയെ വീട്ടിലേക്ക് വരവേല്‍ക്കാനായി വീട്ടിനു മുമ്പില്‍ കോലമെഴുതി പൂക്കള്‍ വിതറി കര്‍പ്പൂരം ഉഴിയുന്നു. ലക്ഷ്മീ ദേവി ഈ വീട്ടിലേക്ക് ആഗതയാകൂ എന്ന് സ്വാഗതം അരുളുന്ന ഗാനാലാപം നടത്തുന്നു. അതിനു ശേഷം ഒരിലയില്‍ പച്ചരി വിതറി പൂജാമുറിയില്‍ നിന്നും കലശമെടുത്ത് ഇലയില്‍ വച്ച് അതില്‍ ഒരു മഞ്ഞച്ചരട് കെട്ടുന്നു. ആദ്യം ഗണപതി പൂജയാണ്. അതിനു ശേഷമാണ് വരലക്ഷ്മി പൂജ. 
 
പൂജയുടെ അവസാനം നൈവേദ്യം കര്‍പ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയില്‍ കെട്ടുന്നു. ഇതോടൊപ്പം തന്നെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ശ്‌ളോകങ്ങളുടെ പാരായണവും നടക്കുന്നു. അതിനു ശേഷം സ്ത്രീകള്‍ക്ക് താംബൂലം നല്കുന്നു. വൈകുന്നേരം പുതിയ പൂക്കള്‍കൊണ്ട് അര്‍ച്ചന തുടരുന്നു. കടല കൊണ്ടുള്ള നൈവേദ്യം (ചുണ്ടല്) തയ്യാറാക്കുന്നു. സാധാരണ നിലയില്‍ മംഗളാരതി നടത്തി താംബൂലവും നാളീകേരവും നല്‍കുകയാണ് പതിവ്. ശനിയാഴ്ച രാവിലെ പൂക്കള്‍ മാറ്റി പുതിയ പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുന്നു. അന്നു മുതല്‍ മൂന്നു ദിവസം പൂജ തുടരുന്നു. ഇതിനു ശേഷം മാത്രമേ ദേവിയുടെ മുഖം കലശത്തില്‍ നിന്ന് മാറ്റുകയുള്ളു
 
 
 
 
 
 

വെബ്ദുനിയ വായിക്കുക