പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി മരിച്ചവരാ‍ണോ ഭൂമിയില്‍ വീണ്ടും ജനിക്കുന്നത് ?

വ്യാഴം, 4 ജനുവരി 2018 (17:02 IST)
ജനനവും മരണവും ജീവലോകത്തില്‍ നിത്യ സംഭവങ്ങളാണ്. എന്നാല്‍ പുനര്‍ജന്മമുണ്ടെന്നും ഇല്ലെന്നും രണ്ടു വാദങ്ങള്‍ മതപരമായ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുനര്‍ജന്മ വിശ്വാസമുള്ള ധാരാളം മതങ്ങള്‍ ലോകത്തിലുണ്ട്, പ്രാചീനമായ പല മത വിശ്വസങ്ങളിലും ജനന- മരണ ചക്രങ്ങളുടെ തുടര്‍ച്ചകള്‍ പറയുന്നുണ്ട്. ഭാര്‍തീയമായ മതങ്ങള്‍ പ്രത്യേകിച്ച് ഹിന്ദുമത വിശ്വാസത്തില്‍ പ്രധാനമാണ് പുനര്‍‌ജന്മത്തെക്കുറിച്ചുള്ളത്.
 
പുനര്‍ജന്മത്തിന് ഹിന്ദുമതത്തില്‍ നിരവധി കാരണങ്ങളുണ്ട്. ഹിന്ദുമതം കര്‍മ്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു. കര്‍മ്മത്തില്‍ അധിഷ്ടിതമാണ് ഹിന്ദുവിന്റെ പുനര്‍ജന്മ വിശ്വാസവും. ഒരാളുടെ കര്‍മ്മങ്ങള്‍ അയാളുടെ ജീവിതത്തെയും ഭാവിയെയും സ്വാധീനിക്കുന്നു. സാത്വികകര്‍മ്മങ്ങള്‍ അഥവാ നീതിക്കും ധര്‍മത്തിനും പ്രാധാന്യം നല്‍കി ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുന്നു. രാജസിക കര്‍മ്മങ്ങള്‍ അഥവാ സന്തോഷത്തിനും ആഹ്ലാദത്തിനും പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഭൂമി ലഭിയ്ക്കുന്നു.
 
താമസ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് പാതാളലോകം ലഭിയ്ക്കുന്നു. ഇവിടെയെല്ലാം കര്‍മ്മങ്ങള്‍ക്കനുസരിച്ച് വീണ്ടും ശരീരം സ്വീകരിക്കുകയാണ് ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ഒരാത്മാവിന് സാത്വിക കര്‍മ്മങ്ങളുടെ ഫലങ്ങള്‍ തീരുമ്പോള്‍ ഭൂമിയില്‍ മനുഷ്യനായി പുനര്‍ജനിക്കേണ്ടതായിവരുന്നു. അതേ സമയം പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി മരണത്തിനു വിധേയരാകുന്നവര്‍ വീണ്ടും ഭൂമിയില്‍ ജനിക്കേണ്ടി വരുന്നു.
 
ഭൌതിക സുഖസൌകര്യങ്ങളില്‍ മുഴുകി കഴിയുന്ന ഒരു വ്യക്തി ആണാകട്ടെ പെണ്ണാകട്ടെ ഈ സുഖസൌകര്യങ്ങള്‍ കൂടുതലായി ആഗ്രഹിക്കുന്നു. ഒരിക്കലും അടങ്ങാത്ത ഈ ആഗ്രഹങ്ങളാണ് ആത്മാവിന് പുതിയ ശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നത്. ഇത്തരം ശരീരങ്ങള്‍ ആഗ്രഹ പൂര്‍ത്തിക്ക് വേണ്ടി മാത്രമുള്ളതാകുമെന്നതാണ് ഇത്തരം പുനര്‍ജന്മങ്ങളുടെ പ്രത്യേകത. അതേ പോലെ മായയില്‍നിന്ന് മോചനം നേടാന്‍ ആത്മീയസാധനകള്‍ പരിശീലിക്കുന്ന ഒരു വ്യക്തി ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ സാധന പൂര്‍ത്തീകരിക്കുന്നതിനായി പുനര്‍ജന്മമെടുക്കുന്നു.
 
ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കാനായി പുനര്‍ജന്മം എടുക്കേണ്ടതായി വരുന്നു. ഇവിടെ കടം എന്നത് കര്‍മ്മം മാത്രമാണ്. ഈ കടം പ്രവര്‍ത്തിച്ച് തീര്‍ക്കുക തന്നെ വേണം. അതിനായി പ്രതികാരമോ സഹായമോ അനുസരിച്ച് ബന്ധുവിന്റെ രൂപത്തിലോ സുഹൃത്തിന്റെ രൂപത്തിലോ ശത്രുവിന്റെ രൂപത്തിലോ തുടങ്ങി ഏത് രൂപത്തിലും പുനര്‍ജന്മത്തില്‍ അവതരിച്ച് കടം തീര്‍ക്കുന്നു.
 
എന്നാല്‍ മറ്റു ചിലര്‍ക്ക് ശാപ ഫലങ്ങള്‍ അനുഭവിക്കുന്നതിനായി വീണ്ടും ശരീരം സ്വീകരിക്കേണ്ടതായി വരുന്നു. ഇപ്രകാരം പുനര്‍ജന്മം സ്വീകരിക്കുമ്പോള്‍ മനുഷ്യജന്മം തന്നെ ആവണമെന്നില്ല. ദൈവകോപത്തിനോ ഋഷിമാരുടെ കോപത്തിനോ ഇരയായവര്‍ക്കാണ് ഇപ്രകാരം ജനിക്കുന്നത്. എന്നാല്‍ ദൈവകൃപയാല്‍ മോക്ഷപ്രാപ്തിയ്ക്കടുത്തെത്തി നില്‍ക്കുന്ന ആത്മാക്കള്‍ ദൈവേശ്ചയാല്‍ ഒരു പ്രത്യേക കാര്യസാദ്ധ്യത്തിനായി പുനര്‍ജനിക്കാറുമുണ്ട്. ഇത്തരം വ്യ്ക്തികള്‍ സമൂഹത്തില്‍ വിപ്ലവകരമായ സ്വാധീനം ചെലുത്തുന്നവരായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍