പരീക്ഷച്ചൂട് മാറ്റാന്‍

വേനല്‍ചൂടിനൊപ്പം പരീക്ഷാച്ചൂടും തിളച്ചു മറിയുകയാണ്. പല സ്കൂളുകളിലും പരീക്ഷയ്ക്കു മുന്‍പുള്ള പരീക്ഷകള്‍ തകൃതിയായി അരങ്ങേറുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളെ അപേക്ഷിച്ച് സ്വകാര്യ വിദ്യാലയങ്ങള്‍ രണ്ടും മൂന്നും തവണ മോഡല്‍ പരീക്ഷകള്‍ നടത്തി നൂറുമേനി കൊയ്യാനുള്ള തീവ്രയജ്ഞ പരിപാടികളിലാണ്.

ഈ സംരംഭങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടുകയെന്ന ലക്ഷ്യവുമായി മത്സരഓട്ടത്തിനിറങ്ങുന്ന കുഞ്ഞുങ്ങളില്‍ ചിലര്‍ക്കെങ്കിലും അടിതെറ്റുന്നു, കടുത്ത നിരാശയിലേയ്ക്കും, ആത്മഹത്യയിലേയ്ക്കും അവര്‍ വീഴുന്നു.

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ത്രാണി (കൗണ്‍സിലിങ് സ്ഥാപനം) നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. 30 മുതല്‍ 40 ശതമാനം കുട്ടികള്‍ വിഷാദരോഗ ബാധിതരാണ്. ഇവരില്‍ 15 മുതല്‍ 30 ശതമാനം കുട്ടികള്‍ ആത്മഹത്യാ പ്രവണതയുള്ളവരും.
ത്രാണിയുടെ കണ്ടെത്തലുകള്‍ ഏറെ പ്രസക്തമാണെന്നതിന് അടിവരയിടുന്ന രണ്ട് സംഭവങ്ങളാണ് ഇക്കഴിഞ്ഞ ആഴ്ചയില്‍ നടന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വീട്ടുകാരും സ്കൂളും റാങ്ക് പ്രതീക്ഷിച്ചിരുന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തതില്‍ ഒരാള്‍. മറ്റേയാള്‍ മാര്‍ക്ക് കുറഞ്ഞതിന് ആത്മഹത്യ ചെയ്തു. രണ്ടുപേരും സ്വകാര്യ സ്കൂളിലെ അംഗങ്ങള്‍.

വിദ്യാഭാസ മേഖലയിലെ അനാരോഗ്യകരമായ മത്സരബുദ്ധിയാണ് കുട്ടികളില്‍ അപകടകരമായ മാനസിക നില സൃഷ്ടിക്കുന്നതിന് പ്രധാനകാരണം. പലപ്പോഴും കുട്ടികളുടെ കഴിവ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതീക്ഷകളല്ല മാതാപിതാക്കള്‍ പുലര്‍ത്തുന്നത്. കഴിവിനേക്കാള്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അത് കുട്ടികളുടെ സ്വാഭാവികമായ മാനസിക നിലയെ തകരാറിലാക്കുന്നതായി ത്രാണിയിലെ ചൈല്‍ഡ് സൈക്കോളജിസ്റ്റ് എലിസബത്ത് വടക്കേക്കര.

വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ പോലും കുട്ടികളുടെ വികാരങ്ങളെ ശരിക്കും മനസിലാക്കുന്നില്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. പഠിക്കേണ്ടതെല്ലാം പഠിച്ചു വന്നല്ലാതെ ഞാന്‍ അവന് അത്താഴം നല്‍കാറില്ല എന്ന് ഒരമ്മ പറയുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാതാപിതാക്കള്‍ വച്ചു പുലര്‍ത്തുന്ന തെറ്റായ സമീപനങ്ങളില്‍ ഒന്നാണിത്. കുട്ടികളെ കളിക്കാന്‍ വിടാറില്ലെന്ന് ഒരമ്മ വളരെ അഭിമാനത്തോടെ പറയുകയുണ്ടായി. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങളെ മുന്‍ നിര്‍ത്തി കൊണ്ടുള്ള മാതാപിതാക്കളുടെ വിലപേശല്‍ വിദ്യാഭ്യാസത്തിനെതിരെയുള്ള വികാരമാകും കുട്ടികളില്‍ സൃഷ്ടിക്കുക.

പഠനം ഇത്തരക്കാര്‍ക്ക് ഭാരമാകും, അവരതിനെ വെറുക്കും. തിരിച്ച് മാതാപിതാക്കളുടെ ശ്രദ്ധ കവരാന്‍ ഇവര്‍ പഠനത്തെ മുന്‍നിര്‍ത്തി വിലപേശുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക