ആശങ്ക അമിതമാകുന്നോ? ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ് !

ചൊവ്വ, 20 ജൂണ്‍ 2017 (14:54 IST)
പൊതുവെ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ് ആശങ്ക. ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവര്‍ക്കും ഈ അവസ്ഥ വന്ന് ചേരാരുണ്ട്. എന്നാല്‍, അധികമായാല്‍ അമൃതും വിഷമാണെന്നാണല്ലോ. അതുകൊണ്ടുതന്നെ ഇത് സൂക്ഷിക്കേണ്ട ഒരു കാര്യവുമാണ്. മറ്റുളളവര്‍ സാധാരണ മനോനിലയുടെ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം വര്‍ദ്ധിച്ച ആശങ്കയും ഭയവും അസ്വാസ്ഥ്യവും അനുഭവപ്പെടുകയാണെങ്കില്‍ അത് രോഗലക്ഷണമാണ്. 
 
സാധാരണ രീതിയില്‍ ആശങ്ക എന്നത് ശരീരത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശമാണ്. അപകടത്തെ കുറിച്ച് വ്യക്തിക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് ആശങ്കയുണര്‍ത്തുന്നത് കൊണ്ട് ശരീരം അര്‍ത്ഥമാക്കുന്നത്. വേണ്ട മുന്‍‌കരുതല്‍ എടുക്കാന്‍ വ്യക്തിക്ക് ഇതു കൊണ്ട് കഴിയുന്നു. എന്നാല്‍, ആശങ്ക അമിതമാകുമ്പോള്‍ അത് ഒരാളുടെ പ്രവര്‍ത്തന ശേഷിയെയും ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. 
 
മറ്റ് മാനസിക രോഗങ്ങളുടെ സൂചനയായും ആശങ്ക അനുഭവപ്പെടാം. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മുലവും ചില മരുന്നുകളുടെ പാര്‍ശ്വഫലമായും മദ്യപാനാസക്തിയുള്ളവരിലും ആശങ്ക കാണപ്പെടാറുണ്ട്. മുഖ്യ രോഗ ലക്ഷണമെന്നത് ആശങ്കയും, ചികിത്സിക്കാന്‍ ഒരു മനോരോഗ വിദഗ്ധന്റെ സേവനം ആവശ്യമായി വരികയും ചെയ്യുമ്പോളാണ് അത് രോഗത്തിന്റെ പരിധിയില്‍ വരുന്നത്.
 
മാനസിക രോഗങ്ങളില്‍ സാധാരണമാണ് ആശങ്ക. അഞ്ച് തരത്തിലുള്ള ആശങ്കയെ കുറിച്ചാണ് പൊതുവെ വിശദീകരണമുള്ളത്. ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും അതായത് ആരോഗ്യം, കുടുംബം, പണം, ജോലി എന്നിവയെ കുറിച്ച് വെറുതെ ആശങ്കപ്പെട്ടുകൊണ്ടിരിക്കുക. അനാവശ്യമായ ചിന്തകള്‍ മനസിലേക്ക് കടന്ന് വരുന്നത് നിയന്ത്രിക്കാതിരിക്കാന്‍ കഴിയുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
 
പെട്ടെന്ന് ഭയചകിതരാകുക. പത്ത് മുതല്‍ മുപ്പത് മിനിട്ട് വരെ ഈ ഭയം നീണ്ടു നില്‍ക്കും. ഹൃദയമിടിപ്പ് അധികമാകും.
ചില പ്രത്യേക സാഹ്യചര്യങ്ങളെയോ വസ്തുക്കളെയോ അകാരണമായി ഭയക്കുക.യുദ്ധം, ബലാത്സംഗം, പ്രകൃതിക്ഷോഭം എന്നിവയ്ക്ക് വിധേയമായ ഒരാളെ പിന്നീട് ആ ഓര്‍മ്മകള്‍ നിരന്തരം വേട്ടയാടുക. ദുസ്വപ്നങ്ങള്‍ കാണുക, വിഷാ‍ദം തുടങ്ങിയ അവസ്ഥ ഉണ്ടാകുക എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. 
 
ആശങ്ക അമിതമായി രോഗാവസ്ഥയില്‍ എത്തുന്നതിന്റെ കാരണം പലപ്പോഴും വ്യക്തമല്ല. മാനസിക, ശാരീരിക, ജൈവ, ജനിതക, പാരിസ്ഥിതിക കാരണങ്ങള്‍ മൂലം ആശങ്ക ഉണ്ടാകാമെന്ന് കരുതപ്പെടുന്നു. ആശങ്ക രോഗാവസ്ഥയില്‍ എത്തുന്നവര്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പല കേസുകളിലും സൈകോതെറാപ്പിയും മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സയാണ് ഇതിന് പ്രയോഗിക്കാറ്.

വെബ്ദുനിയ വായിക്കുക