ഗുരുപൂര്‍ണിമയുടെ മഹിമ കുടികൊള്ളുന്നത് ശിഷ്യന്‍ പരിപൂര്‍ണ്ണമായി തന്റെ ഗുരുവില്‍ വിലയം ചെയ്യാന്‍ തയ്യാറാകുമ്പോഴാണ്. ആരാണ് യഥാര്‍ത്ഥ ഗുരു? ലൗകികകാര്യങ്ങളോ ബുദ്ധിപരമായ വിഷയങ്ങളോ പഠിപ്പിക്കുന്നയാളല്ല ഗുരു. അങ്ങിനെയുള്ളവര്‍ അദ്ധ്യാപകര്‍ മാത്രമാണ്. ഒരുവന്റെ അഹങ്കാരത്തെ ചൂണ്ടിക്കാണിച്ച് കൊടുത്ത്, സ്വയം അത് ത്യജിക്കാന്‍ തയ്യാറാകുന്നയാളാണ് ഉത്തമഗുരലക്ഷണമുള്ളയാള്‍.
അജ്ഞാനമാകുന്ന കൊടും തമസ്സിനെ കൃപയും ജ്ഞാനമാകുന്ന ഒരു തരിവെട്ടം കൊണ്ട് സൂര്യപ്രഭയേക്കാള്‍ ശോഭയാര്‍ന്നതാക്കുന്നയാളുമാണ് യഥാര്‍ത്ഥ ഗുരു. "ഗു'എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും "രു' എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. സ്വന്തം അഭിപ്രായത്തിനനുസരിച്ച് ശിഷ്യനെ മാറ്റാന്‍ ശ്രമിക്കുന്ന ആളാകരുത് ഗുരു. സ്വന്തം ബോധത്തെ ഉദ്ദീപിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ ഗുരു ശിഷ്യനെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
ഗുരുകൃപ നിരന്തരം നമ്മിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു. അതിന് നാം സദാ പാത്രമായിക്കൊണ്ടിരിക്കുന്നു എന്ന ബോധം നിലനിറുത്തുന്നതിന് വേണ്ടിയാണ് എല്ലാ ലൗകിക ആദ്ധ്യാത്മിക അഭ്യാസങ്ങളും. ലൗകിക ജീവിതം പ്രവൃത്തിയുടെ മാര്‍ഗ്ഗമാണ്. അത് മനസിനെ സദാ ബഹിര്‍മുഖമാക്കി നിറുത്തുന്നു. സത്യാന്വേഷണം അന്തര്‍യാത്രയാണ്. ഈ യാത്രയില്‍ ഗുരു മാത്രമേ തുണയുള്ളു.
തന്നെ നയിക്കാന്‍ ഏറ്റവും കെല്‍പ്പുള്ളാളയാളാണ് സദ്ഗുരു. സദ്ഗുരു എന്നാല്‍ തന്റെ തന്നെയുള്ളില്‍ കുടികൊള്ളുന്ന സത്യമാണ്. ചിലപ്പോള്‍ ചിലര്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള സദ്ഗുരുവിനെ സദാ ദര്‍ശിക്കാനുള്ള അദ്ധ്യാത്മിക പ്രാപ്തി കൈവന്നുവെന്നുണ്ടാവില്ല. അത്തരമാള്‍ക്കാര്‍ക്കാണ് പലപ്പോഴും ബാഹ്യരൂപത്തിലുള്ള ഗുരുവിന്‍റെ ആവശ്യംവരുന്നത്.
പ്രകൃതിയിലെ ഓരോ നിമിഷവും ഗുരുത്വം നിറഞ്ഞതാണ്. ആകാശവും കാറ്റും കടലും പൂക്കളും സുഖവും വേദനയുമെല്ലാം ഓരോ നിമിഷവും നമ്മെ ആത്മതത്ത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അല്ലെങ്കില്‍ പഠിപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഗുരപൂര്‍ണിമ ആഘോഷിക്കുമ്പോള്‍ പുറത്തും അകത്തും ഗുരുത്വത്തിന്റെ അപാരമഹിമ ദര്‍ശിക്കാന്‍ കഴിയണം.