രഹസ്യങ്ങൾ പതിയിരിക്കുന്ന ശബ‌രിമല!

ചൊവ്വ, 25 ഏപ്രില്‍ 2017 (14:38 IST)
ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. കോടിക്കണക്കിന് ഭക്തരാണ് ഇവിടെ ഓരോ വര്‍ഷവും എത്തുന്നത്. മക്കയിലെ ഹജ്ജ് കഴിഞ്ഞാല്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ശബരിമല തീര്‍ഥാടനം. കാലടികൾ ഒത്തിരി പതിഞ്ഞിട്ടുണ്ടെങ്കിലും പെൺകൊടികളുടെ കാലടികൾ കുറച്ചു മാത്രം പതിഞ്ഞ ശബരിമല അതിപ്രശസ്തമാണ്.
 
ഓരോ വർഷവും ശബരിമല സന്ദർശിക്കുന്നവരുടെ കണക്കുകൾ എടുത്താൽ അവിശ്വാസികൾ ഞെട്ടുമെന്ന് ഉറപ്പാണ്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ സഹ്യപര്‍വ്വതനിരകളിൽ ശബരിമല സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ മലയാളികളെ കൂടാതെ തമിഴ് ജനതകളും അയ്യപ്പനെ കാണാൻ എത്താറുണ്ട്. പതിനെട്ട് മലകളുടെ നടുവിലായി പൂങ്കാവനത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
 
ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി വാവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥലമാണ് വാവരുനട. മുസ്ലീമായ വാവര്‍ അയ്യപ്പന്‍റെ സുഹൃത്തായിരുന്നു. എല്ലാ മതത്തിലും പെട്ട ആളുകള്‍ക്കും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. ഹിന്ദുക്കളല്ലാത്ത വളരെയധികം ആളുകള്‍ ശബരിമല സന്ദര്‍ശിക്കറുണ്ട്.
 
തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കണം. ഈ സമയത്ത് രതിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും മത്സ്യമാംസാ‍ഹാരങ്ങള്‍ വര്‍ജ്ജിക്കുകയും വേണം.ശരീരശുദ്ധി പാലിക്കുകയും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇരുമുടിക്കെട്ടുമായി മാത്രമെ പതിനെട്ടാം പടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ.
 
ഐതീഹ്യത്തിലൂടെ:
 
പരമശിവനും വിഷ്ണുവിനും ജനിച്ച മകനാണ് ശ്രീ അയ്യപ്പന്‍. ഭസ്മാസുരനെ വധിക്കുന്നതിനായി മോഹിനി രൂപം പൂണ്ട വിഷ്ണുവില്‍ ശിവന്‍ അനുരക്തനായി. അങ്ങനെ ശ്രീ അയ്യപ്പന്‍ ഭൂജാതനായി.
 
പിന്‍ഗാമിയെ ലഭിക്കാനായി പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തളം രാജാവ് വേട്ടയ്ക്കായി വരാറുള്ള കാട്ടില്‍ ശിവനും വിഷ്ണുവും ആ സുന്ദരബാലനെ ഉപേക്ഷിച്ചു. പന്തളം രാജാവ് ആ കുട്ടിയെ സ്വീകരിക്കുകയും നല്ല ഒരു പോരാളിയും ജ്ഞാനിയുമായി വളര്‍ത്തുകയും ചെയ്തു. ഇതാണ് അയ്യപ്പന്റെ ജീവിതത്തെ കുറിച്ചുള്ള ഐതീഹ്യം.
 
മറ്റ് ചില ഹിന്ദു ക്ഷേത്രങ്ങളെപോലെ ശബരിമലയില്‍ ജാതിയുടേയും വംശത്തിന്‍റേയും പേരിലുള്ള വേര്‍തിരുവുകളില്ല. ജാതി മതഭേതമന്യേ ആർക്കു വേണമെങ്കിലും ശബരിമലയിൽ പ്രവേശിക്കാം. എന്നാല്‍ പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമാണ്. എന്തുകൊണ്ട് ഈ മലയിൽ സ്ത്രീകൾക്ക് കയറിക്കൂടാ? ഈ ചോദ്യം ചോദിക്കാത്തവർ ചുരുക്ക‌മായിരിക്കും. 
 
ഭക്തിയുടെ നിറകുടം അന്നും ഇന്നും സ്ത്രീകൾ തന്നെയാണ്. എന്നാൽ, എന്തേ ഈ സ്ത്രീകൾക്ക് തന്നെ ശബരിമലയിൽ പ്രവേശിക്കാൻ അനുവാദം നൽകാത്തത്?. ശബരിമലയിൽ സ്ത്രീകൾ കയറിക്കൂടാ എന്ന വസ്തുതയെ എതിർക്കുന്നവരും പിന്തുണയ്ക്കുന്നവരും ഉണ്ട്. 
 
ദുര്‍ഗ്ഗമമായ, കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വഴിയിലൂടെ ഉള്ള യാത്രയും ദിവസങ്ങൾ നീണ്ട ഏകാന്ത വാസവും കൊണ്ടാകാം പണ്ടുകാലത്ത് സ്ത്രീകൾക്ക് ഇവിടെ പ്രവേശനം നിഷേധിക്കപ്പെട്ടത്. സ്ത്രീകളെയും കൊണ്ട് വനത്തിലൂടെ സഞ്ചരിക്കുന്നത് അപകടം നിറഞ്ഞതാണെന്ന ഒരു ഉൾബോധം ആകാം പുരുഷന്മാരെ ഇങ്ങനെ പ്രേരിപ്പിച്ചതെന്ന് പറയുന്നവരും ഉണ്ട്.
 
സ്ത്രീകളെ വിലക്കുന്നതിന്റെ പ്രധാന കാരണം അവരുടെ ആർത്തവമാണല്ലോ?. ആര്‍ത്തവ കാലത്ത് വസ്ത്രം മാറലും മറ്റും അന്നത്തെ കാലത്ത് വലിയ ഒരു പ്രശ്‌നം ആയിരുന്നിരിക്കണം. അതുകൊണ്ടാകാം അന്ന് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. മനോഹരമായ ശബരിമല സ്ത്രീകൾ കാണേണ്ടത് ശരിയായ തീരുമാനം ആണോ എന്ന കാര്യത്തിൽ പോലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
 
പെണ്ണുങ്ങള്‍ കേറാന്‍ പാടില്ലാത്ത, ആണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വനങ്ങളെ പറ്റിയെല്ലാം പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തരുന്ന കഥകളിൽ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. കാട്ടുജാതിക്കാർ ഉള്ളതുകൊണ്ടാണോ എന്തോ, ഇന്നും അറിയില്ല. അയ്യപ്പനെ വിശ്വസിക്കുന്നവർക്ക് അയ്യപ്പനെ കാണാതിരിക്കാൻ ആകില്ല. 

വെബ്ദുനിയ വായിക്കുക