അടുത്ത 11 മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നറിയാന്‍ - ചില കര്‍ക്കിടകച്ചിന്തകള്‍

ചൊവ്വ, 23 ജൂലൈ 2019 (15:07 IST)
ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്രത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.
 
രാമായണം വായന
 
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.
 
രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.
 
"രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല'' - എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.
 
ഹനുമാന്‍റെ സന്ധ്യാവന്ദനം
 
ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്‍റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്.
 
വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും
 
മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്‍റെ കഥയാണ്.
 
ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.
 
കര്‍ക്കിടകമാസം
 
കര്‍ക്കിടകമാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.
 
അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്‍റെ ഭാഗം.
 
മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍