പൊന്നോമനയെ കുറിച്ച്

WD
കുഞ്ഞിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന അമ്മമാര്‍ എന്തൊക്കെ അറിയണം. ആദ്യത്തെ കുട്ടിയാണല്ലോ, എല്ലാം ഈശ്വരനും പിന്നെ ഡോക്ടറും ചേര്‍ന്ന് എല്ലാം നടത്തി തരും എന്ന് കരുതി ഇരിക്കരുത്. പുതിയ അമ്മമാരും നവജാതരെ കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

നവജാത ശിശുവിന്‍റെ ശരാശരി തൂക്കം, നീളം തുടങ്ങിയ അറിവുകള്‍ അമ്മയ്ക്ക് ഉണ്ടാവുന്നത് നല്ലതാണ്.

നാല്‍പ്പത് ആഴ്ചയാണ് ശരാശരി ഗര്‍ഭകാലമായി കണക്കാക്കുന്നത്. പിറന്ന് വീഴുമ്പോള്‍ കുഞ്ഞിന് ഏതാണ്ട് 2.8 കിലോഗ്രാം വരെ തൂക്കം ഉണ്ടായിരിക്കും. തൂക്കം 2.5 കിലോഗ്രാമില്‍ താഴെയാണെങ്കില്‍ കുട്ടിക്ക് തൂക്ക കുറവാണെന്ന് പറയാം.

നവജാത ശിശുക്കള്‍ക്ക് 2.5 കിലോ മുതല്‍ 3.5 കിലോ വരെ ശരാശരി ഭാരമുണ്ടായിരിക്കും. കുഞ്ഞിന്‍റെ നീളം 50 സെന്‍റീമീറ്റര്‍ വരെയായിരിക്കും. തലയുടെ ശരാശരി ചുറ്റളവ് 35 സെന്‍റീമീറ്റര്‍ ആയിരിക്കും.

നവജാതരുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 120-140 വരെയും ശ്വസനം മിനിറ്റില്‍ 30-40 എന്ന നിരക്കിലും ആയിരിക്കും. കുഞ്ഞ് പിറന്നു വീഴുമ്പോള്‍ നീലയുടെ ലാഞ്ചനയുള്ള നിറമായിരിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ പിങ്ക് നിറമായി മാറുകയും ചെയ്യും.

കുട്ടി പിറന്ന ഉടനെ അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ മല-മൂത്ര വിസര്‍ജ്ജനം നടത്തും. വിസര്‍ജ്ജ്യത്തിന്‍റെ നിറം സാധാരണ നിലയിലാവാന്‍ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

പിറന്ന് വീണ് മണിക്കൂറുകള്‍ക്കകം ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാം. ശിശുക്കള്‍ പിറന്ന ശേഷം 3-4 മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കാം.

വെബ്ദുനിയ വായിക്കുക