പൂക്കളമിട്ടും സദ്യയുണ്ടും ഓണം ആഘോഷിച്ച് മലയാളികള്‍; സോഷ്യല്‍ മീഡിയയിലും ഓണാഘോഷം സജീവം; ഓണാശംസ വാമനവിഭാഗം വകയും

ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (19:26 IST)
പുതിയ ചില മേളപ്പെരുക്കങ്ങളോടെയാണ് മലയാളികള്‍ ഇത്തവണ ഓണം ആഘോഷിച്ചത്. തറവാട്ടില്‍ ഒത്തുകൂടാന്‍ പറ്റാതിരുന്ന മലയാളി കുടുംബങ്ങള്‍ ഒരുമിച്ചത് വാട്‌സാപ്പ് ഗ്രൂപ്പില്‍. ആശംസകള്‍ കൈമാറാന്‍ മാത്രമല്ല പൂക്കളമത്സരം വരെ നടത്തി വാട്‌സാപ്പ് ഗ്രൂപ്പില്‍ മലയാളികള്‍. അമേരിക്കയിലും ഗര്‍ഫിലും കേരളത്തിലും ആഫ്രിക്കയിലും ഉള്ള കുടുംബാംഗങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരുമിച്ച്, പൂക്കളമിടുകയും വിജയിയെ കണ്ടെത്തുകയും ചെയ്തു. ലോകത്തെ വിരല്‍ത്തുമ്പിലേക്ക് ഒതുക്കിയ ഇന്റര്‍നെറ്റ് ഓണാഘോഷത്തെയും വിരല്‍ത്തുമ്പിലെത്തിച്ചു എന്ന് പറയുന്നതായിരിക്കും ശരി.
 
പതിവു പോലെ പൂക്കളമൊരുക്കിയും സദ്യയൊരുക്കിയുമാണ് മലയാളികള്‍ ഇത്തവണയും ഓണത്തെ വരവേറ്റത്. മലയാളി പൂക്കളങ്ങളില്‍ നിറഞ്ഞുനിന്നത് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്ന പൂക്കളായിരുന്നെങ്കില്‍ സദ്യയില്‍ മുന്നില്‍ നിന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പച്ചക്കറികള്‍ ആയിരുന്നു.
 
വിവാദങ്ങള്‍ നിറഞ്ഞുനിന്നതായിരുന്നു ഇത്തവണത്തെ ഓണം. അതിനു പ്രധാനകാരണം വി എച്ച് പി നേതാവ് ശശികല ടീച്ചറുടെ വാമനജയന്തി ആശംസ ആയിരുന്നു. കഴിഞ്ഞദിവസം ബി ജെ പി നേതാവ് അമിത് ഷായും വാമനജയന്തി ആശംസ നേര്‍ന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് അമിത് ഷാ പിന്നീട് ഓണാശംസ നേര്‍ന്നിരുന്നു.
 
ഇതിനിടെ, സോഷ്യല്‍ മീഡിയയില്‍ ഓണാശംസകള്‍ ആശംസിച്ചവര്‍ ഒക്കെ അവര്‍ ഏതു വിഭാഗക്കാര്‍ ആണെന്ന് വ്യക്തമാക്കേണ്ടിയും വന്നു. മാവേലി വിഭാഗമാണോ വാമനവിഭാഗമാണോ എന്നായിരുന്നു ചോദ്യം. ഓണാശംസകള്‍ക്കൊപ്പം മിക്കവരും തങ്ങള്‍ മാവേലി വിഭാഗമാണെന്ന് വ്യക്തമാക്കിയായിരുന്നു ആശംസകള്‍ നേര്‍ന്നത്.
 
ടി വി ചാനലുകളും ഓണാഘോഷത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. മിക്ക ചാനലുകളും ഏറ്റവും പുതിയ സിനിമ തന്നെ ആയിരുന്നു ഓണാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയത്. അതുകൊണ്ടു തന്നെ ഓണസദ്യ കഴിഞ്ഞ് മിക്കവരും ചാനലുകള്‍ക്ക് മുന്നില്‍ സമയം കളയാനും തയ്യാറായി. എന്നാല്‍, നാട്ടിന്‍ പുറങ്ങള്‍ 
ഓണക്കളികളില്‍ മുന്നില്‍ നിന്നു. മിക്കയിടത്തും പരമ്പരാഗത മത്സരങ്ങളും നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക