തിബറ്റുമായി ബന്ധപ്പെട്ട പ്രതിക്ഷേധങ്ങളും പ്രകടനങ്ങളും കണ്ട ശേഷം ഒളിമ്പിക്‍സിനു രണ്ട് ദിവസം മാത്രം മുന്നേ ബീജിംഗിലേക്ക് എത്തുകയാണ് ഒളിമ്പിക് ദീപം. തിങ്കളാഴ്ച 16 പൊലീസുകാരുടെ മരണത്തിലേക്ക് നയിച്ച സ്ഫോടനം നടുക്കിയെങ്കിലും ദീപം എത്തുന്നതോടെ ബീജിംഗ് പൂര്‍ണ്ണമായും കായിക ലഹരിയില്‍ മുങ്ങും.
ലോകത്തിന്‍റെ പല ഭാഗങ്ങളിലും തിബറ്റന്‍ അനുകൂലികളുടെ പ്രതിക്ഷേധം കണ്ടതിന് ശേഷം ചൊവ്വാഴ്ച രാത്രിയിലാണ് ദീപം ബീജിംഗിലേക്ക് എത്തുന്നത്. ഈ വര്‍ഷം ചൈന അഭിമുഖീകരിച്ച വലിയ ദുരന്തത്തിന്‍റെ സ്മരണകള്‍ പേറുന്ന സിഞ്ചുവാനില്‍ നിന്നുമാണ് ബീജിംഗിലേക്ക് ഒളിമ്പിക് ദീപം കടന്നു വരുന്നത്.
ലോകത്തുടനീളമായി പതിനായിരത്തില്‍ അധികം വാഹകര്‍ ഏന്തിയ ദീപം 1936 ബെര്‍ലിന്‍ ഒളിമ്പിക്‍സിലെ പോലെ ഗ്രീസിലെ ഒളിമ്പിയയില്‍ നിന്നും സൂര്യ രശ്മികളാലാണ് കൊളുത്തിയത്.
ദീപം ബീജിംഗിനെ ചുറ്റിസഞ്ചരിച്ച് വെള്ളിയാഴ്ച ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുമ്പ് പ്രധാന വേദിയായ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ എത്തിച്ചേരും. സംഗീത വാദ്യ നൃത്തങ്ങളുടെ അകമ്പടിയില്‍ 2008 ന്‍റെ എട്ടാം മാസം എട്ടാം തീയതി എട്ടാം ദിവസം എട്ട് മണിക്കാണ് വേദിയില്‍ ദീപം പകരുക. ഉദ്ഘാടന ചടങ്ങിനായി ചൈനയുടെ കലാ സാംസ്ക്കാരിക രംഗത്തെ വമ്പന്‍ ചടങ്ങുകളാണ് ബീജിംഗ് കാണാന്‍ പോകുന്നത്.
തുടര്‍ന്ന് ആയിരക്കണക്കിനു അത്‌ലറ്റുകള്‍ ആഗസ്റ്റ് 8 മുതല്‍ 24 വരെ വിവിധ കായിക ഇനങ്ങളിലായി ചൈനയില്‍ മാറ്റുരയ്‌ക്കും. ബീജിംഗിലെ പല നയപരമായ പ്രശ്‌നങ്ങളെയും എതിര്‍പ്പുകളെയും എല്ലാം മാറ്റി വച്ച് ലോക ശ്രദ്ധ മുഴുവന്‍ കായിക മത്സരങ്ങളിലേക്ക് പായുന്ന നാളുകളാണ് വരുന്നതെന്ന് ചൈനീസ് അധികാരികള്‍ പ്രതീക്ഷിക്കുന്നു.
ലോകത്തുടനീളം 205 രാജ്യങ്ങളില്‍ നിന്നായി 10,500 അത്‌ലറ്റുകള്‍ ഒളിമ്പിക്‍സില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഒളിമ്പിക്‍സാണ് ഇത്. 40 ബില്യണ്‍ ഡോളര്‍ മുടക്കി ഒളിമ്പിക് തയ്യാറെടുപ്പുകള്‍ നടത്തിയ ചൈനയ്‌ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത് ഏക കാര്യം അന്തരീക്ഷ മലിനീകരണമാണ്.
വമ്പന്‍ മുതല്‍ മുടക്കുണ്ടായെങ്കിലും 1976 ലെ മോണ്ടി റീയാല്‍ ഒളിമ്പിക്‍സ്, ഏതന്‍സില്‍ നടന്ന 2004 ഒളിമ്പിക്‍സും കടത്തിന്‍റെ കണക്കുകളാണ് പറഞ്ഞതെങ്കില്‍ ഇത്തവണത്തേത് വ്യത്യസ്തമായിരിക്കുമെന്ന് ബീജിംഗ് കരുതുന്നു. സ്വന്തം സാമ്പത്തിക മണ്ഡലത്തിന് ഒളിമ്പിക്‍സ് പുത്തന്‍ ഉണര്‍വ്വ് പകരുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.
ബീജിംഗ് ഒരുക്കാന്‍ മാത്രമായി 18 ബില്യണ്‍ ഡോളര്‍ ഒഴുക്കിയ ചൈന മലിനീകരണം തടയുന്നതിനായി 20 ലക്ഷം കാറുകളാണ് നിരത്തില്‍ നിന്നും മാറ്റിയത്. ഇതിനു പുറമെ ഫാക്ടറികളും അടച്ചു പൂട്ടി. സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ചൈന 100,000 ലധികം സൈനികരെ ബീജിംഗില്‍ മാത്രമായി നിയോഗിച്ചിരിക്കുകയാണ്.