ഒളിമ്പിക്സില്‍ മറ്റൊരു സ്വര്‍ണ്ണം കൂടി ലക്ഷ്യമിട്ട് എത്തിയ ലാറ്റിനമേരിക്കന്‍ ശക്തി അര്‍ജന്റീനയും ആഫ്രിക്കന്‍ കരുത്തന്മാര് നൈജീരിയയും തമ്മില്‍ ഒളിമ്പിക്സ് ഫുട്ബോള്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ഫുട്ബോളിലെ സ്വര്‍ണ്ണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന അര്‍ജന്റീനയുടെ കുട്ടികള്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ ബ്രസീലിനെ 3-0 നായിരുന്നു പരാജയപ്പെടുത്തിയത്. നൈജീരിയ തകര്‍പ്പന്‍ പ്രകടനത്തില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി.
അര്‍ജന്റീനയ്ക്കായി സെഗ്യൂറോ ഇരട്ട ഗോളുകള്‍ കണ്ട മത്സരത്തില്‍ നായകന് യുവാന്‍ റിക്വല്‍മേ മൂന്നാം ഗോള്‍ നേടി. ബാഴ്സതാരം മെസ്സിയും എ സി മിലാന്റെ റൊണാള്‍ഡീഞ്ഞോയും തമ്മിലുള്ള മത്സരം കൂടിയായിരുന്നു.
ബ്രസീലിയന്‍ താരങ്ങളായ ലിവര്‍പൂള്‍ മദ്ധ്യനിരക്കാരന്‍ ലൂക്കാസും പകരക്കാരന് തിയഗോ നെവെസും ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ഒമ്പതു പേരുടെ സാന്നിദ്ധ്യത്തില്‍ ബ്രസീലിനു മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു.
ഇതോടെ അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീലിനു ഒളിമ്പിക്സ് സ്വര്‍ണ്ണത്തിനായി ഇനിയും കാത്തിരിക്കണമെന്ന സ്ഥിതിയില്‍ ആയി കാര്യങ്ങള്‍. 1984 ലും 88 ലും ബ്രസീല്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
ഷംഗ് ഹായിയില്‍ നൈജീരിയന്‍ കഴുകന്മാരുടെ പടയോട്ടമായിരുന്നു. 4-1 നാണ് യൂറോപ്യന്‍ കരുത്തന്മാരായ ബല്‍ജിയത്തെ നൈജീരിയ മറികടന്നത്. ഒലുബായോ അഡേഫെമി തുടങ്ങിവച്ച ഗോളടി ചിനേഡു ഒബൂക്കേയുടെ ഇരട്ട ഗോളിലൂടെ ചിബുസര്‍ ഒകോക്വോയിലൂടെ പൂര്‍ത്തിയാകുക ആയിരുന്നു. ലൌറന്റ് സിമെന് ഒരു ഗോള്‍ മടക്കി.