ദുബയ്‌ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരിയില്‍

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2010 (15:08 IST)
PRO
PRO
അന്തര്‍ദേശീയ വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമായ ദുബയ്‌ ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡിഎസ്‌എഫ്‌) ജനുവരി 20-ന്‌ ആരംഭിക്കുന്നു. ദുബയ്‌ വേനല്‍ വിസ്മയം (ഡിഎസ്‌എസ്‌) ജൂണ്‍ 22-നാണ് ആരംഭിക്കുക. രണ്ടു പരിപാടികളും ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്ക്‌ പ്രിയങ്കരമാണ്‌.

ഇന്ത്യയില്‍ നിന്നടക്കം ലക്ഷക്കണക്കിന് ആളുകളാണ് ദുബയ് ഫെസ്റ്റിവലിന് എത്താറ്‌. ഷോപ്പിങിനോടൊപ്പം വിനോദ പരിപാടികളും വിജ്ഞാന പരിപാടികളും വന്‍ സമ്മാനങ്ങള്‍ നല്‍കുന്ന നറുക്കെടുപ്പുകളും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ദുബയ്‌ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫെബ്രുവരി 20-ന്‌ സമാപിക്കും. ദുബയ്‌ വേനല്‍ വിസ്മയം ജൂലൈ 31-നും.

1996-ലാണ്‌ മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മേളയായ ദുബയ്‌ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്‌. 34 ലക്ഷം പേര്‍ പങ്കെടുത്ത, 2009-ലെ ദുബയ്‌ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 980 കോടി ദിര്‍ഹം ചെലവഴിച്ചു.

വേനലവധിയാഘോഷിക്കാന്‍ യുഎഇയിലെ കുടുംബങ്ങള്‍ വിദേശങ്ങളില്‍ പോവുന്നതിന് വിരാമമിടാന്‍ വേണ്ടിയാണ് ദുബയ്‌ വേനല്‍ വിസ്മയം 1998-ല്‍ ആരംഭിച്ചത്. കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ബന്ധപ്പെട്ടവര്‍ ഒരുക്കുന്നു. ദുബയ്‌ വേനല്‍ വിസ്മയത്തിന്റെ ഭാഗ്യചിഹ്നമാണ് കുട്ടികളെ രസിപ്പിക്കാനെത്തുന്ന മഞ്ഞക്കുപ്പായക്കാരന്‍ മുദ്ഹിഷ്.

വെബ്ദുനിയ വായിക്കുക