വീട്ടുജോലിക്കാര്‍ക്ക് വേണ്ടിയുള്ള തൊഴില്‍ കരാറിന് സര്‍ക്കാര്‍ അംഗീകാരം

ശനി, 21 സെപ്‌റ്റംബര്‍ 2013 (12:53 IST)
PRO
വീട്ടുജോലിക്കാരുടെ തൊഴില്‍സാഹചര്യം മികച്ചതാക്കാനുള്ള ലക്ഷ്യത്തോടെ സൗദി അറേബ്യയുമായി ഒപ്പുവയ്ക്കുന്ന തൊഴില്‍കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

നിതാഖാത്തിനെതുടര്‍ന്ന് സൗദിയില്‍നിന്ന് ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടത്തോടെ തിരിച്ചയച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ കരാറിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. സൗദിയില്‍ ജോലിചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണാര്‍ഥം നിലവില്‍ കരാറുകളൊന്നുമില്ല. പുതിയ കരാര്‍ നിലവില്‍വരുന്നതോടെ ഗാര്‍ഹികതൊഴിലിന് ആളെ നിയമിക്കുമ്പോള്‍ വീട്ടുടമസ്ഥന്‍ കരാറില്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്.

ശമ്പളം, അവധി, തൊഴില്‍സമയം, ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയുള്ളതാകും കരാര്‍. പിന്നീട് എംബസിയില്‍ കരാര്‍ രജിസ്റ്റര്‍ചെയ്യേണ്ടതുമുണ്ട്. കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് പരാതി നല്‍കാന്‍ അവസരമുണ്ടാകും.

തൊഴില്‍ചൂഷണം വലിയ തോതില്‍ ഒഴിവാക്കാന്‍ കരാറിലൂടെ കഴിയുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക