ദുബായില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുളള കുറഞ്ഞ ശമ്പള പരിധി പതിനായിരം ദിര്‍ഹമാക്കി ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ട് അധികൃതര്‍ തളളിക്കളഞ്ഞു. ഫാമിലി വിസയക്കുളള ശമ്പള പരിധി നിലവിലുളള നാലായിരം ദിര്‍ഹമില്‍ നിന്നും ഉയര്‍ത്തിയിട്ടില്ലെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മാരി അറിയിച്ചു. മലയാളികളടക്കമുളള ഇടത്തരം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതായിരിക്കുകയാണ് അധികൃതരുടെ പ്രതികരണം.
ദുബായില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുളള ശമ്പളപരിധി ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യത്തെകുറിച്ച് പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഫാമിലി വിസയ്ക്കുളള ശമ്പള പരിധി നാലായിരം ദിര്‍ഹം തന്നെ തുടരുമെന്ന് ദുബൈ റസിഡന്‍സി ആന്റ് ഫോറിന്‍ അഫേര്‍സ് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മാരി അറിയിച്ചു.
ഫാമിലി വിസയക്ക് അപേക്ഷിക്കാനുളള കുറഞ്ഞ ശമ്പള പരിധി പതിനായിരം ദിര്‍ഹമാക്കിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇത് ഇടത്തരക്കാരായ പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. ജനറല്‍ ഡയറക്ടറേറ്റിലെ എല്ലാ കൗണ്ടറുകളിലും നിലവിലുളള മാനദണ്ഡമനുസരിച്ചുതന്നെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതെന്നും മറിച്ചുളള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മാരി വ്യക്തമാക്കി.