ഒന്നര ലക്ഷം അനധികൃത പ്രവാസി തൊഴിലാളികള്‍ സൌദി വിട്ടു

വെള്ളി, 7 ജൂണ്‍ 2013 (19:37 IST)
PRO
PRO
സൌദിവല്‍ക്കരണ നടപടികള്‍ ആരംഭിച്ചതിനു ശേഷം ഇതേവരെ ഒന്നര ലക്ഷം അനധികൃത പ്രവാസി തൊഴിലാളികള്‍ സൌദി വിട്ടതായി പ്രവാസിവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അനസി അറിയിച്ചു.

രണ്ടുലക്ഷത്തി നാല്‍പതിനായിരത്തോളം പ്രവാസികള്‍ തൊഴില്‍ രേഖകള്‍ നിയമവിധേയമായി രജിസ്റ്റര്‍ ചെയ്തു. സ്പോണ്‍സര്‍ഷിപ്പ് മാറ്റി പുതിയ തൊഴിലുടമക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണ് ഏറെയും. 239,883 പ്രവാസി തൊഴിലാളികളാണ് ഇതിനകം രേഖകളിലെ തെറ്റുകള്‍ തിരുത്തി നിയമവിധേയമാക്കി എടുത്തതെന്ന് സൌദി തൊഴില്‍ മന്ത്രാലയം പത്രക്കുറിപ്പില്‍ അ‍റിയിച്ചു. ആഴ്ചതോറും 34, 262 പേര്‍ വീതമാണ് ഇതിനുള്ള ഔദ്യോഗിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

പൊതുമാപ്പ് സമയം ഉപയോഗപ്പെടുത്തി 221, 262 പേരാണ് തൊഴില്‍ മാറിയത്. തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ ജീവനക്കാര്‍ക്ക് അവധിപോലും നല്‍കാതെയാണ് നിശ്ചിത സമയത്തിനുള്ളില്‍ ഇത്രയും പേരുടെ രേഖകള്‍ ശരിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

തൊഴിലുടമകളെ അറിയിക്കാതെ ജീവനക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റിയ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം സ്പോണ്‍സര്‍മാരുടെ പരാതികള്‍ തൊഴില്‍വകുപ്പ് പരിശോധിച്ച്, ആവശ്യമാണെന്ന് കണ്ടാല്‍ അവര്‍ക്ക് പുതിയ റിക്രൂട്ട്മെന്റ് വിസ അനുവദിക്കും.

വെബ്ദുനിയ വായിക്കുക