ഇസഡ് പ്ലസ് സുരക്ഷ എന്താണെന്നറിയാമോ! പ്രധാനമന്ത്രി കഴിഞ്ഞാല്‍ മറ്റ് വിവിഐപികള്‍ക്ക് നല്‍കുന്ന ഏറ്റവും കനത്ത സുരക്ഷാ കവചം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 28 ജനുവരി 2024 (09:29 IST)
security

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കുന്ന വാര്‍ത്ത വലിയ ചര്‍ച്ചയാകുകയാണ്. തനിക്ക് സംസ്ഥാനത്ത് വേണ്ടത്ര സുരക്ഷയില്ലെന്ന തരത്തില്‍ ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന പരിപാടിയില്‍ എസ്എഫ് ഐ കരിങ്കൊടി കാട്ടിയത് ഗവര്‍ണറെ പ്രകോപിതനാക്കിയിരുന്നു. തിരുവനന്തപുരത്തുവച്ചും പിന്നീട് കരിങ്കൊടി കാട്ടി. നേരത്തേയും ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടുകയും കാറില്‍ ഇടിക്കുകയും ചെയ്തത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. 
 
എന്നാലിപ്പോള്‍ സുരക്ഷയ്ക്കായി ഇസഡ് പ്ലസ് സുരക്ഷ വരുമ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെയായിരിക്കില്ല. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ഉള്‍പ്പെടെയുള്ള സുരക്ഷാ ഭടന്‍മാരാണ് ഇസഡ് പ്ലസ് (Z+) സെക്യൂരിറ്റിയുടെ ഭാഗമായുള്ളത്. 55 പേരടങ്ങുന്ന കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്ക് പുറമേ എന്‍എസ്ജി കമാന്‍ഡോകളും ഇതില്‍ ഉള്‍പ്പെടുന്നു. സിആര്‍പിഎഫ് അല്ലെങ്കില്‍ ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐടിബിപി) എന്നീ സുരക്ഷാസേനയില്‍ ഉള്‍പ്പെട്ടവരാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇസെഡ് പ്ലസ് സുരക്ഷയാണ് സംസ്ഥാന പോലീസ് നല്‍കുന്നത്.
 
24 മണിക്കൂറും വിവിഐപിക്കൊപ്പം സായുധരായ സുരക്ഷാ സേനയുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനമുള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുമായാകും യാത്ര. എകെ 47 അടക്കമുള്ള തോക്കുകളുമായാണ് സുരക്ഷാ സേനാംഗങ്ങള്‍ സഞ്ചരിക്കുക. വിവിഐപിയുടെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വെടി വയ്ക്കുന്നതിനും അനുമതിയുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാകും സുരക്ഷാ സേനയുടെ പ്രവര്‍ത്തനം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഒരു വിവരവും പുറത്ത് വിടാറില്ല. വിവിഐപി പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷാ സേനയുടെ പ്രത്യേക പരിശോധനയുണ്ടാകും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥിരമായി വാഹനവ്യൂഹത്തിലുണ്ടാകും. ഈ സുരക്ഷയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, യുപി,പഞ്ചാബ് മുഖ്യമന്ത്രിമാര്‍, വ്യവസായി മുകേഷ് അംബാനി തുടങ്ങി 45 വിവിഐപികള്‍ക്കാണ് Z+ സുരക്ഷ ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍