കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്കൂളുകളിൽ യോഗ പാഠ്യവിഷയമാക്കും: സ്മൃതി ഇറാനി
തിങ്കള്‍, 22 ജൂണ്‍ 2015 (19:24 IST)
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്കൂളുകളിൽ യോഗ പാഠ്യവിഷയമാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ആറു മുതൽ പത്തുവരെയുള്ള ക്ലാസുകളിലാണ് യോഗ പഠിപ്പിക്കുക. എന്നാൽ ഇത് നിർബന്ധമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
വിദ്യാർഥികൾക്ക് മറ്റു വിഷയങ്ങളോടൊപ്പം യോഗയും പഠിക്കുന്നതിന് അവസരമുണ്ടായിരിക്കും. താൽപര്യമുള്ളവർ ഇത് പഠിച്ചാൽ മതി. തന്റെ പ്രഖ്യാപനം വിദ്യാർഥികളെ വിഷമിപ്പിക്കുന്നുണ്ടാകുമെന്ന് അറിയാം. അതിന്റെ ആവശ്യമില്ലെന്നും യോഗയ്ക്ക് പരീക്ഷയൊന്നും ഉണ്ടാകില്ലെന്നും എന്നാൽ പ്രാക്ടിക്കലുകളിൽ 80% ശതമാനം മാർക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗ അധ്യാപകരുടെ കോൺഫറൻസിൽ പങ്കെടുക്കവേയാണ് മന്ത്രിയുടെ പ്രഖ്യപനം ഉണ്ടായത്. കോൺഫറൻസിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ വിഷയം മറ്റു സ്കൂളുകളിലുമെടുക്കാവുന്നതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. യോഗാ പഠനത്തിനായുള്ള പുതിയ സിലബസും പാഠ്യവസ്തുക്കളും പുറത്തിറക്കിയ മന്ത്രി അധ്യാപകർക്കുള്ള പരിശീലന പരിപാടികളിൽ യോഗ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.