ഇന്ത്യയിലെത്തിച്ച നഴ്‌സുമാരില്‍ മിക്കവരും യമനിലേക്ക് തിരികെ പോകുന്നു: സുഷമാ

ശനി, 1 ഓഗസ്റ്റ് 2015 (14:33 IST)
ഇന്ത്യയിലെത്തിച്ച നഴ്‌സുമാരില്‍ മിക്കവരും ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലേക്ക് തിരിച്ചുപോകുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യമനിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടിരിക്കുകയാണ്. അവിടുത്തെ സ്‌ഥിഗതികളില്‍ മാറ്റം വന്നിട്ടില്ല. സംഘര്‍ഷം ഇപ്പോഴും കൂടുതല്‍ ശക്തമായി തുടരുകയാണ്. എംബസി പോലുമില്ലാത്ത നാട്ടിലേയ്ക്ക് നഴ്സുമാർ മടങ്ങിപ്പോയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കൂടുതല്‍ ശക്തമാകുമെന്നും സുഷമാ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

ഇന്ത്യൻ നാവികസേന നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു യമനിലേത്. മാർച്ച് 30 മുതൽ ഏപ്രിൽ 17 വരെ രക്ഷാപ്രവർത്തനം നീണ്ടു. 4,741 ഇന്ത്യക്കാരെ രക്ഷിച്ചു. മടക്കിയെത്തിച്ചതിൽ 2527 പേർ കേരളത്തിൽ നിന്നുള്ളവരാണ്. 1,947 വിദേശ പൗരന്മാരെയും ഇന്ത്യ യെമനിൽ നിന്നു രക്ഷപ്പെടുത്തി.

ഐഎൻഎസ് മുംബൈ, ഐഎൻഎസ് തർകഷ്, ഐഎൻഎസ് സുമിത്ര, എം.വി. കോറൽസ്, എം.വി. കവരത്തി എന്നീ കപ്പലുകളാണ് ഇതിന് നേതൃത്വം നൽകിയത്.

വെബ്ദുനിയ വായിക്കുക