യാക്കൂബ് മേമന്റെ സംസ്കാരം സ്പോണ്‍സര്‍ ചെയ്തത് ദാവൂദ്?

ശനി, 8 ഓഗസ്റ്റ് 2015 (15:37 IST)
രാജ്യം തൂക്കിലേറ്റിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി യാക്കൂബ് മേമന്റെ സംസ്കാരത്തിന് ഉണ്ടായ ആള്‍കൂട്ടത്തിനു പിന്നില്‍ അധോലോക നായകനും ഇന്ത്യ തേടുന്ന് കൊടും‌കുറ്റവാളിയുമായ ദവൂദ് ഇബ്രാഹിമാണെന്ന് സൂചനകള്‍.  മേമന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ വിശ്വസ്ഥരെ പലതവണകളായി ദാവൂദും മറ്റൊരു കുറ്റവാളിയായ ചോട്ടാ ഷക്കീലും വിളിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മുംബൈ പൊലീസാണ് ഇതുസംബന്ധിച്ച സൂചനകള്‍ പങ്കുവച്ചത്. ഇത്തരത്തില്‍ ദാവൂദും ചോട്ടാ ഷക്കീലും മുംബൈയിലേക്ക് വിളിച്ചതിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായാണ് മുംബൈ പൊലീസ് പറയുന്നത്. മേമന്റെ മാഹിമില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ 10,000 ലധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. മറൈന്‍ ലൈനിലെ മുസ്‌ളീം സെമിത്തേരിയിലും 10000 പേരോളം ഉണ്ടായിരുന്നു.

പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലാതെ ഇത്രയധികം ആളുകള്‍ ഒത്തുചേരില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം സാമുദായിക നേതാക്കള്‍ ഈ നിഗമനം തള്ളി. മേമന്‍ ആരാണെന്ന്‌ പോലും അറിയാത്തവരുടെ ആകാംഷയാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഇസ്‌ളാമിക സാഹോദര്യമാണ്‌ ഈ ജനാവലിക്ക്‌ കാരണമെന്നും അവര്‍ പറയുന്നു.

1993ലാണ് മേമന്റെ ശിക്ഷയ്ക്ക് അടിസ്ഥാനമായ സ്ഫോടന പരമ്പര നടന്നത്. നൂറോളം ആളുകല്‍ ഈ സ്ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം സുപ്രീംകോടതി മേമന്റെ ദയാഹര്‍ജി സ്വീകരിക്കുമെന്ന അമിതപ്രതീക്ഷയായിരുന്നു ദാവൂദ്‌ തുടക്കത്തില്‍ പ്രവര്‍ത്തിക്കാതെ ഇരുന്നതിനു കാരണമെന്നും മുംബൈ പോലീസ്‌ പറയുന്നു. തങ്ങളുടെ ഇടപെടലുകള്‍ ഹര്‍ജി തള്ളാന്‍ കാരണമാകരുത്‌ എന്ന ചിന്തയിലാണ്‌ മാറി നിന്നതെന്നും മേമനെ തൂക്കിലേറ്റിയതിന്‌ പിന്നാലെ ഉണ്ടായ പ്രതികാര ഭീഷണിക്ക്‌ കാരണം ഇതെല്ലാമായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക