യാക്കൂബ് മേമനെ പിന്തുണച്ചു; സല്‍മാന്റെ ജാമ്യം റദ്ദാക്കണമെന്ന് ബിജെപി

തിങ്കള്‍, 27 ജൂലൈ 2015 (11:34 IST)
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ബിജെപി മഹാരാഷ്ട്ര ഘടകം. 2002 ഹിറ്റ്‌ ആന്റ്‌ റണ്‍ കേസില്‍ അഞ്ചുവര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട സല്‍മാന്‌ ഈ വര്‍ഷം ആദ്യം ബോംബേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട്‌ മുംബൈ ബിജെപി പ്രസിഡന്റ്‌ ആശിഷ്‌ ഷീലാര്‍ മഹാരാഷ്‌ട്രാ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്‌ കത്തയച്ചു.

കേസിലെ പ്രധാന പ്രതിയും യാക്കൂബിന്റെ സഹോദരനുമായ ടൈഗര്‍ മേമനെയാണ്‌ വധിക്കേണ്ടത്‌. അതിനു പകരം യാക്കൂബിനെ വധിക്കുന്നത്‌ മനുഷ്യത്വരഹിതമാണെന്നായിരുന്നു സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചത്‌. ഒരു നിരപരാധിയെ കൊല്ലുന്നത്‌ മനുഷ്യത്വത്തെ കൊലക്ക്‌ കൊടുക്കുന്നതിന്‌ തുല്യമാണെന്നും സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് വലിയ വിവാദമാകുകയായിരുന്നു. ബാന്ദ്രയിലെ സല്‍മാന്റെ വസതിക്ക്‌ മുന്നില്‍ ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ശക്‌തമായി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതൊടെ സല്‍മാന്‍ ഖാന്‍ ട്വീറ്റ് പിന്‍‌വലിച്ചിരുന്നു.

ഒരു പ്രതിയെ പിന്തുണയ്‌ക്കുന്നതിനാല്‍ സല്‍മാന്‍ഖാന്റെ ജാമ്യം റദ്ദാക്കാനാണ്‌ ബിജെപി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുള്ളത്‌. യാക്കൂബ്‌ മേമനെ പോലെ ഒരാള്‍ക്ക്‌ വേണ്ടി സല്‍മാന്‍ വാദിക്കുന്നത്‌ നിരാശപ്പെടുത്തുന്നതാണ്‌. കൂട്ടക്കുരുതിക്ക്‌ വേണ്ടി ജോലി ചെയ്‌തയാളാണ്‌ യാക്കൂബ്‌ മേമനെന്ന്‌ മറക്കരുതെന്നും ബിജെപി പറയുന്നു.

2007ല്‍ മേമനെ മുംബൈയിലെ ടാഡ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. ശിക്ഷ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ യാക്കൂബ്‌ മേമന്‍ നല്‍കിയ ഹര്‍ജി ഇന്നാണു സുപ്രീം കോടതി പരിഗണിക്കുന്നത്‌. മേമന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ ജസ്‌റ്റിസ്‌ അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചാണ്‌ പുതിയ ഹര്‍ജിയും പരിഗണിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക