സാരിത്തുമ്പില്‍ തക്കാളി കെട്ടിവച്ച് സ്വര്‍ണം കവര്‍ന്ന യുവതി പിടിയില്‍. പൊന്നലൂര്‍ പേട്ടൈ സ്വദേശി ഇന്ദ്രാണിയുടെ സ്വര്‍ണാഭരണങ്ങളാണ് നെമ്ലിച്ചേരി സ്വദേശി ലക്ഷ്മി എന്ന് പരിചയപ്പെടുത്തിയ യുവതി കവര്‍ന്നത്. ഞായറാഴ്ച രാത്രി എട്ടു മണിയ്ക്കാണ് സംഭവം. നഴ്‌സ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ലക്ഷ്മി, ഇന്ദ്രാണി അനുഭവിക്കുന്ന കാല് വേദനയ്ക്ക് തന്റെ പക്കല്‍ വിദേശ നിര്‍മ്മിത ഓയിന്റ്‌മെന്റ് ഉണ്ടെന്ന് വിശ്വസിപ്പിച്ചു.
വീട്ടിനകത്തേക്ക് കടന്ന ലക്ഷ്മി ഇന്ദ്രാണിയുടെ ശരീരത്ത് ഓയിന്റ്‌മെന്റ് തേച്ചു പിടിപ്പിച്ചു. ഇതിനു മുമ്പ് ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ അഴിച്ച് വയ്ക്കാന്‍ ലക്ഷ്മി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഭരണങ്ങള്‍ അഴിച്ച് മാറ്റിയ ഇന്ദ്രാണി അവ സ്വന്തം സാരി തുമ്പില്‍ കെട്ടി വച്ചു. ഓയിന്റ്‌മെന്റ് പുരട്ടിയ ശേഷം കണ്ണടച്ച് വിശ്രമിക്കാന്‍ ലക്ഷ്മി നിര്‍ദ്ദേശം നല്‍കി. ഈ സമയത്താണ് സാരിതുമ്പില്‍ കെട്ടിവച്ച സ്വര്‍ണം കവര്‍ന്ന് പകരം തക്കാളി കെട്ടിവച്ചത്.
കിടപ്പുമുറിയിലെ അലമാര തുറന്ന് 19,000 രൂപയും ലക്ഷ്മി കവര്‍ന്നു. ഇതിനു ശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അതിനിടെ ഇന്ദ്രാണി ഉണരുകയും ബഹളമുണ്ടാക്കി അയല്‍വാസികളെ വിളിച്ചു വരുത്തുകയും ചെയ്തു. ലക്ഷ്മിയെ പിടികൂടിയ നാട്ടുകാര്‍ അവരെ പോലീസില്‍ ഏല്‍പ്പിച്ചു. ലക്ഷ്മി ഇതിനു മുന്‍പും ഇത്തരം കേസുകളില്‍ പ്രതിയാണെന്നും സമാന രീതിയില്‍ നിരവധി തവണ മോഷണം നടത്തിയിട്ടുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.