കര്‍ണാടക പോലീസുകാരുടെ ശവപ്പറമ്പാകുന്നു; ഒരു പോലീസ് ഉദ്യോഗസ്ഥ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബുധന്‍, 20 ജൂലൈ 2016 (07:42 IST)
കര്‍ണ്ണാടകയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയ് നഗറിലെ വനിതാ എസ്‌ഐ രൂപയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്ക ഗുളിക കഴിച്ച് ആവശ നിലയിലായ എസ്‌ഐയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അപടകനില തരണം ചെയ്തിട്ടില്ല.
 
കര്‍ണ്ണാടക കുടക് പൊലീസ് ഡിവൈഎസ്പി എംകെ ഗണപതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥയുടെ ആത്മഹത്യാ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക നഗരവികസന മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ് രാജിവെച്ചിരുന്നു. ഗണപതിയുടെ ആത്മഹത്യയില്‍ മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു രാജി. 
 
ഉന്നതരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി സംസ്ഥാന നഗരവികസന മന്ത്രി കെ ജെ ജോര്‍ജ്ജ് ആയിരിക്കുമെന്നും ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ട അഭിമുഖത്തില്‍ ഗണപതി പറഞ്ഞിരുന്നു. ഗണപതി ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസമാണ് അഭിമുഖം പുറത്തുവന്നത്. മന്ത്രി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ഗണപതി ആരോപിച്ചിരുന്നു. ഗണപതിയ്ക്ക് മുമ്പ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക