'എനിയ്ക്ക് വോട്ട് ചെയ്യൂ, അതാണ് അമ്മ ആഗ്രഹിക്കുന്നത്'': പളനിസാമിയ്ക്കെതിരെ ഒപിഎസ്

ശനി, 18 ഫെബ്രുവരി 2017 (08:13 IST)
തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായകമായ ദിവസമാണ് ഇന്ന്. തമിഴകം ആരുടെ ഒപ്പം ആണെന്ന് ഇന്ന് വ്യക്തമാകും. ഭരണം തുടരാൻ പളനിസാമിയ്ക്ക് കഴിയുമോ എന്ന് ഇന്നത്തെ വിശ്വാസവോട്ടെടുപ്പ് കാണിച്ച് തരും. പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പനീർസെൽവം അണ്ണാ ഡിഎംകെ എംഎൽഎമാരോട് ആവശ്യപ്പെട്ടു.
 
പളനിസാമിയെ പുറത്താക്കി ജയലളിതയുടെ താൽപര്യം സംരക്ഷിക്കണമെന്നാണ് ആഹ്വാനം. വോട്ടു രേഖപ്പെടുത്തും മുൻപ് ശരിക്കു ചിന്തിക്കുക. സമ്മർദ്ദത്തിന് അടിപ്പെടരുത്. എനിക്ക് വോട്ട് ചെയ്യൂ, അതാണ് അമ്മ കാണാൻ ആഗ്രഹിക്കുന്നതെന്നും ഒപിഎസ് വ്യക്തമാക്കി.
 
അതേസമയം, പളനിസാമി സർക്കാരിനെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷ പാർട്ടിയായ ഡി എം കെയും തീരുമാനിച്ചു. പനീർസെൽവം വിഭാഗത്തിനു കരുത്തുപകരുന്നതാണ് ഡിഎംകെയുടെ തീരുമാനം. നിയമസഭയിൽ 98 എംഎൽഎമാരാണ് ഡിഎംകെ സഖ്യത്തിനുള്ളത്. എന്നിരുന്നാലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് ഇ പി എസ് വിഭാഗം.

വെബ്ദുനിയ വായിക്കുക