വ്യാപം കൊല: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് ശിവരാജ് സിംഗ് ചൌഹാന്‍

ചൊവ്വ, 7 ജൂലൈ 2015 (14:17 IST)
വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദുരൂഹമരണങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍. സി ബി ഐ അന്വേഷണത്തിന് തയ്യാറെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജനാഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് ശിവരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു.
 
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 46 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതില്‍ തന്നെ മിക്കതും ദുരൂഹമരണങ്ങളും ആത്മഹത്യകളുമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
 
ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ശിവരാജ് സിംഗ് ചൌഹാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരസ്യമായി പിന്തുണ അറിയിക്കാന്‍ ബി ജെ പി കേന്ദ്രനേതൃത്വവും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
 
അതേസമയം, ദൈവം മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് നല്ല ബുദ്ധി തോന്നിക്കുമെന്നും അന്വേഷണം സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ വേണമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക