വധശിക്ഷ നടപ്പാക്കുമ്പോള്‍ സംവരണം വേണോയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ബുധന്‍, 5 ഓഗസ്റ്റ് 2015 (16:17 IST)
രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ സംവരണം വേണമെന്നാണോ ഒരു വിഭാഗം ആവശ്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിനെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
മുന്‍ രാഷ്‌ട്രപതി കലാമിന്റെ സംസ്കാര ചടങ്ങുകള്‍ നടന്ന ദിവസം ചില മാധ്യമങ്ങള്‍ മറ്റൊരു കേസിനായിരുന്നു പ്രാതിനിധ്യം നല്കിയിരുന്നത്. നേരത്തെ വധശിക്ഷയ്ക്ക് വിധേയരായവരുടെ  മതം തിരിച്ചുള്ള കണക്ക് ചില മാധ്യമങ്ങള്‍ കൊടുത്തു. ശരിയായ കണക്കുകള്‍ പുറത്തു വന്നാല്‍ ഇത്തരക്കാരുടെ നാവ് അടയുമെന്നും മന്ത്രി പറഞ്ഞു.
 
സമീപഭാവിയില്‍ 36 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. അവരുടെ മതമോ ജാതിയോ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വധശിക്ഷ നടപ്പിലാക്കുന്നതിലും സംവരണം വേണമെന്നാണോ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക