വായ്പാ തിരിച്ചടവു മുടങ്ങി; കർഷകനെ ഗുണ്ടകൾ ട്രാക്ടർ കയറ്റിക്കൊന്നു

തിങ്കള്‍, 22 ജനുവരി 2018 (13:43 IST)
ഗുണ്ടകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശ് സിതാപുരിയിലെ ബൗരി ഗ്രാമത്തിലെ ഗ്യാൻ ചന്ദ്ര (45) എന്നയാളാണ് കൊല്ലപ്പെട്ടത്. വായ്‌പ കുടിശ്ശിക തിരിച്ച് അടയ്ക്കാത്തതിന്റെ പേരിലാണ് ലോണ്‍ പിരിച്ചെടുക്കുന്ന ഏജന്റുകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തിയത്.

ശനിയാഴ്ച ആയിരുന്നു സംഭവം. 2015ൽ ട്രാക്ടർ വാങ്ങുന്നതിനായി ഒരു ഫൈനാൻസ് കമ്പനിയിൽനിന്നും അഞ്ചു ലക്ഷം രൂപ ഗ്യാൻ ചന്ദ്ര വായ്‌പയായി എടുത്തിരുന്നു. ഈ മാസമാദ്യം 35,000 രൂപ അടയ്‌ക്കുകയും ചെയ്‌തു.

ഈ മാസം അദ്ദേഹം മൂന്നരലക്ഷം രൂപ തിരിച്ചടച്ചിരുന്നു. മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഗ്യാൻ ചന്ദ്ര തിരിച്ചടക്കാനുണ്ടായിരുന്നു.

സംഭവ ദിവസം ഗ്യാൻ ചന്ദ്ര വയലില്‍ പണിയെടുക്കുമ്പോള്‍ ഏജന്റുമാരെത്തി ട്രാക്ടര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ ശ്രമിക്കവെ ഏജന്റുമാരിലൊരാള്‍ ഗ്യാന്‍ ചന്ദ്രയെ തള്ളി ട്രാക്ടറിനുമുമ്പിലിടുകയായിരുന്നു. ഗ്യാൻ ചന്ദ്രയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏജന്റുമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍