തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതിനെത്തുടര്‍ന്ന് തമിഴ് രാഷ്‌ട്രീയത്തില്‍ സിനിമയെ വെല്ലുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നു. തമിഴകത്തിന്റെ രക്ഷകയായും കണ്‍കണ്ട ദൈവമായും ഒരു വലിയ സമൂഹം ആരാധിച്ചിരുന്ന ജയലളിത ഇന്നില്ല. അമ്മയുടെ തോഴിയും പാര്‍ട്ടിയിലെ ശക്തി കേന്ദ്രവുമായ ശശികല നടരാജന്‍ അണ്ണാ ഡിഎംകെയുടെ അമ്മയാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സൂചനകള്‍.
ശശികല ഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഒ പനീർ സെൽവം അവരുമായി കൂടിക്കാഴ്ച നടത്തിയതും തമിഴ് രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ശശികല താമസിച്ചിരുന്ന പോയസ് ഗാർനില്‍ എത്തിയാണ് പനീർ സെൽവം ശശികലയുമായി കൂടിക്കാഴ്‌ച നടത്തിയത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജയലളിതയുടെ നിര്യാണത്തിന് ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടെങ്കിലും അതൊന്നുമല്ല അണിയറയില്‍ നടക്കുന്നതെന്നാണ് ചെന്നൈയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
വരും നാളുകളില്‍ തമിഴ് നാട് രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് ശശികലയാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പനീര്‍ സെല്‍വത്തെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കുക എന്നതാണ് ശശികല ലക്ഷ്യമാക്കുന്നതെന്നാണ് ചില ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയലളിത മൽസരിച്ച ആർകെ നഗറിൽ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അമ്മയ്‌ക്ക് ശേഷം ചിന്നമ്മ തമിഴ്‌നാടിന്റെ അമ്മയാകും.
നേരത്തേ രണ്ടു തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത് ജയലളിതക്ക് ബദല്‍ സംവിധാനം മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ അന്തരിച്ച ജയലളിതയുടെ പിന്‍ഗാമിയായാണ് പനീര്‍ സെല്‍വം ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. ആദ്യ രണ്ട് തവണയും ജയലളിതയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു പനീര്‍ ശെല്‍വം പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനി ശശികലയുടെ നിയന്ത്രണത്തിലായിരുക്കും ഒപിഎസ്.
മന്ത്രിമാരെയും നേതാക്കളെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ജയലളിതയ്ക്ക് കഴിഞ്ഞിരുന്നു. ജയ ഉണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ ശക്‍തികേന്ദ്രമായ ശശികല ഇപ്പോള്‍ അണ്ണാ ഡിഎംകെയുടെ അവസാന വാക്കാണ്. ജയലളിത എന്ന അതിശക്ത ഓര്‍മ്മയായ തമിഴ്‌നാട്ടില്‍ പനീര്‍ സെല്‍വത്തെ മുന്നിൽ നിർത്തി ഭരണചക്രം നിയന്ത്രിക്കാന്‍ അവര്‍ക്കാകും. ജയലളിതയോടുള്ള വിധേയത്വം പാര്‍ട്ടി അംഗങ്ങള്‍ക്ക് ശശികലയോടുമുണ്ടെന്നതിനാല്‍ അവരുടെ നീക്കങ്ങള്‍ വിജയിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന പനീര്‍ സെല്‍വത്തിനെ അപ്രസക്‍തമാക്കാന്‍ ശശികലയ്‌ക്ക് എളുപ്പമാണ്. പനീര്‍ സെല്‍വത്തിന് ശശികലയോടുള്ള വിധേയത്വത്തിന് പിന്നിലും സംഭവവികാസങ്ങളുണ്ട്. കേസുകളില്‍ അകപ്പെട്ട് 2001ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നപ്പോള്‍ മറ്റ് അഭിപ്രായങ്ങളെ തള്ളി പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തിച്ചത് ശശികലയായിരുന്നു. തേവര്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കമായിട്ടാണ് പലരും ഈ നീക്കത്തെ കണ്ടതെങ്കിലും ജയലളിത പോലും ശ്രദ്ധിക്കാത്ത ഒരു തന്ത്രം കൂടിയായിരുന്നു.
പിന്‍ഗാമിയെ വളര്‍ത്തികൊണ്ടുവരാതിരുന്ന ജയലളിതയുടെ നീക്കത്തെ അപ്രസക്‍തമാക്കി ശശികല തന്റെ ഇഷ്‌ടക്കാരനായ പനീര്‍ സെല്‍വത്തെ വളര്‍ത്തികൊണ്ടുവരുകയായിരുന്നു. വ്യാഴാഴ്‌ച പോയസ് ഗാര്‍ഡനിലെത്തി ഒപിഎസും സംഘവും ശശികലയെ കണ്ടപ്പോള്‍ തന്നെ വരാന്‍ പോകുന്ന രാഷ്‌ട്രീയ ചലനങ്ങളുടെ തുടക്കമാണിതെന്ന് വ്യക്തമാണ്. ശശികലയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരാകും ഇനി തമിഴകത്തെ നിയന്ത്രിക്കുക.