അമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി; താലി എടുത്ത് കൊടുത്തത് മകൻ, ഗ്രാമം മുഴുവൻ സാക്ഷിയായി

തിങ്കള്‍, 30 മെയ് 2016 (18:02 IST)
വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നു. ഭൂമിയിൽ വെച്ച് അത് ആഘോഷിക്കുന്നു. ഓരോ വിവാഹവും ആഘോഷമാണ്. എന്നിരുന്നാലും, ഉദയ്പൂർ ജില്ലയിലെ ഒരു ആദിവാസി ദമ്പതികൾക്ക് നീണ്ട 50 വർഷങ്ങൾക്ക് ശേഷമാണ് വിവാഹം ആഘോഷിക്കാൻ കഴിഞ്ഞത്. 
 
ഉദയ്പുർ ജില്ലയിലെ മണ്ഡവ പഞ്ചായത്തിലെ എൺപത്തിനാല് കാരനായ പബുര ഖേറിന്റേയും   റൂപിലി(70) ന്റേയും വിവാഹം നീണ്ട അമ്പത് വർഷങ്ങൾക്ക് ശേഷം വിവാഹിതരായി. ദമ്പതികളുടെ കുട്ടികളും കൊച്ചുമക്കളും പേരക്കുട്ടികളും ഉൾപ്പെടെ 150 ലേറെ പേർ ഈ അപൂർവ്വ സന്ദർഭത്തിന് സാക്ഷിയായി.
 
അമ്പത് വർഷം മുൻപ് ദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും ഇരുവരുടേയും കുടുംബങ്ങൾക്ക് വിവാഹം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇതിനാൽ ഇരുവരും ആചാരപ്രകാരം വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുകയായിരുന്നു. കാലം ഒരുപാട് കഴിഞ്ഞ് പോയപ്പോൾ ദമ്പതികൾക്ക് അഞ്ചു പെണ്മക്കളും രണ്ട് ആൺകുട്ടികളും ഉണ്ടായി. ഇരുവരുടേയും കുടുംബം ഇപ്പോൾ നാലാം തലമുറയിൽ എത്തി നിൽക്കുകയാണ്.
 
വർഷങ്ങളോളം ഒന്നിച്ച് ജീവിച്ചെങ്കിലും ആചാരങ്ങൾ എപ്പോഴും അവരെ നോവിച്ചിരുന്നു. ഇപ്പോൾ മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബം ഇരുവർക്കായി വമ്പൻ രീതിയിൽ വിവാഹം നടത്തുകയായിരുന്നു. 
 
വിവാഹത്തിന് മുൻപ് ഒന്നിച്ച് ജീവിക്കുന്നത് ആദിവാസി ജനങ്ങൾക്കിടയിൽ സാധാരണയാണ്. പിന്നീടുള്ള ഒരു ഘട്ടത്തിൽ ആചാരങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ സാക്ഷിയാക്കിയായിരിക്കും ആഘോഷമായി വിവാഹം നടപ്പിലാക്കുക. 

വെബ്ദുനിയ വായിക്കുക