ഐടി നഗരമായ ബാംഗ്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തുടരുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ബന്ദ്. ഈ മാസം രണ്ടിന് നഗരത്തിലെ പ്രമുഖ സ്കൂളായ വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആറു വയസുകാരി കൂട്ടമാനഭംഗത്തിനിരയായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഏഴു വയസുള്ള കുട്ടിയെ സ്കൂള്‍ ജോലിക്കാരിയുടെ മകന് പീഡിപ്പിച്ചതും വന്‍ പ്രതിഷേധത്തിന് കാരണമായി.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ചില നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പീഡനങ്ങള്‍ വീണ്ടും വര്‍ധിയ്ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം നല്‍കിയത്.