തുരങ്കം നിർമിച്ച് തിഹാര്‍ ജയിലില്‍ നിന്ന് തടവുപുള്ളികള്‍ രക്ഷപ്പെട്ടു
തിങ്കള്‍, 29 ജൂണ്‍ 2015 (09:56 IST)
ഭിത്തി തുരന്ന് കനത്ത സുരക്ഷയിലുള്ള തിഹാർ ജയിലിൽ നിന്ന് രണ്ടു തടവുകാർ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. ജയിൽ നമ്പർ ഏഴിനോടു ചേർന്ന മതിൽ ചാടുകയായിരുന്നു. ഇതിനുശേഷം ജയിൽ നമ്പർ എട്ടിലേക്കുള്ള മതിലിനു സമീപം തുരങ്കം നിർമിക്കുകയും ഇതുവഴി പുറത്തു കടക്കുകയുമായിരുന്നു.
പതിനെട്ടും ഇരുപതിനും ഇടയില്‍ വയസ്സുള്ള രണ്ടുപേരാണ് രക്ഷപ്പെട്ടത്. ഒരാളെ പിടികൂടിയെന്നും മറ്റൊരാൾ ഓടി രക്ഷപെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുറ്റവാളികൾ രക്ഷപെട്ടതായി അധികൃതർ മനസിലാക്കിയത്. തുടർന്നു നടത്തിയ പരിശോധനയിൽ തുരങ്കം കണ്ടെത്തുകയായിരുന്നു. ഡിജി അലോക് വര്‍മയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജയിലിലെത്തി തെളിവെടുത്തു.
കുറ്റവാളികൾക്ക് എവിടെ നിന്നാണ് തുരങ്കം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ കിട്ടിയതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഷ്യയിൽ തന്നെ നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ജയിലാണ് തിഹാർ ജയിൽ. 12,000 ത്തോളം കുറ്റവാളികളാണ് ഇവിടെയുള്ളത്. വിഐപികളായ രാഷ്ട്രീയക്കാർ, ബിസിനസുകാർ തുടങ്ങിയവരെ ഇവിടെയാണ് പാർപ്പിക്കാറുള്ളത്.