ഹോം ക്വാറന്റൈനിൽ ഉള്ളവർ ഓരോ മണിക്കൂറിലും സെൽഫി നൽകണം. കടുത്ത നടപടികളിലേക്ക് കടന്ന് കർണാടക

അഭിറാം മനോഹർ

ചൊവ്വ, 31 മാര്‍ച്ച് 2020 (13:45 IST)
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിന്റെ ഇടവേളകളിലും സെൽഫി എടുത്തയക്കണമെന്ന് കർണാടക സർക്കാരിന്റെ പ്രത്യേക നിർദേശം.സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി.വീടുകളില്‍ കഴിയാനാവശ്യപ്പെട്ടവര്‍ അത് ലംഘിക്കുന്നുണ്ടോ എന്നറിയാനാണ് പുതിയ തീരുമാനം.വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളവർ അതനുസരിച്ചില്ലെങ്കിൽ അവരെ കൂട്ടമായി ക്വാറന്റൈനിൽ പാർപ്പിക്കുന്ന ഇടങ്ങളിലേക്ക് മാറ്റുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
രാത്രി 10 മുതൽ രാവിലെ ഏഴ് മണി ഒഴികെയുള്ള സമയങ്ങളിലാണ് സെൽഫി എടുത്തയക്കേണ്ടത്. ക്വാറന്റൈനിലുള്ളവർ എവിടെയാണെന്നറിയുന്നതിനാണിത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.ഈ ആപ്പിലൂടെ ജിപിഎസ് സംവിധാനം വഴി ഫോട്ടോ അയക്കുന്നയാള്‍ എവിടെയാണെന്ന് മനസിലാക്കാന്‍ സാധിക്കും. സെൽഫി കൃത്യമായി അയക്കാത്തവരെ മാസ് ക്വറന്റൈൻ സംവിധാനമുള്ള ഇടങ്ങളിലേക്ക് മാറ്റുമെന്നും അതിനാൽ നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസമന്ത്രി കെ. സുധാകര്‍ തിങ്കളാഴ്ച അറിയിച്ചു. തെറ്റായ ഫോട്ടോ അയക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
 
കർണാടകയിൽ ഇതുവരെ 88 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ മരിച്ചു.ആറ് പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നിലവിലെ 79 രോഗികളില്‍ 78 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.ഒരാൾ വെന്റിലേറ്ററിലാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍