ലൈംഗികത്തൊഴിലിനെ പ്രഫഷനായി അംഗീകരിച്ച് സുപ്രീംകോടതി. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. വേശ്യാലയം റെയ്‌ഡ് ചെയ്യുമ്പോൾ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗികത്തൊഴിലാളികൾക്ക് നേരെ നടപടി പാടില്ലെന്നും സുപ്രീംകോടതി നിർദേശിച്ചു.
ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 21 മത് അനുച്ഛേദ പ്രകാരം മറ്റ് പൗരന്മാരെ പോലെ ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലൈംഗികത്തൊഴിലാളികളെ അവരുടെ മക്കളില്‍ നിന്ന് വേര്‍പെടുത്തരുത്. അമ്മയ്‌ക്കൊപ്പം വേശ്യാലയത്തില്‍ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ട് വന്നതാണെന്ന് കരുതരുത്. ലൈംഗികപീഡനത്തിനെതിരെ ലൈംഗികത്തൊഴിലാളികൾ നൽകുന്ന പരാതികളിൽ പോലീസ് വിവേചനപരമായ നടപടി സ്വീകരിക്കരുതെന്നും എല്ലാ വൈദ്യ,നിയമ സഹായങ്ങളും നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.