അയോധ്യ കേസ്: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

വ്യാഴം, 12 ഡിസം‌ബര്‍ 2019 (17:29 IST)
ഡൽഹി: അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജെസ്റ്റിസ് അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് ചേംബറിൽ ചേർന്നാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. രണ്ടര മണിക്കൂർ വാദം കേട്ട ശേഷമാണ് കോടതി ഹർജികൾ തള്ളിയത്.
 
ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് അഞ്ചംഗ ബെഞ്ചിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് 18 ഹർജികളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഇതിൽ എട്ടെണ്ണം കേസിൽ കക്ഷികളായിരുന്നവർ നൽകിയതാണ്. മറ്റുള്ളവ കേസുമായി ബന്ധമില്ലാത്തവർ നൽകിയതായിരുന്നു
 
അഖിലേന്ത്യ വ്യക്തിനിയമ ബോർഡും, ജംഇയത്തുൽ ഉലമ ഹിന്ദും ഹർജികൾ നൽകിയിരുന്നു. കഴിഞ്ഞ മാസം ഒൻപതിനാണ് മുൻ ചീഫ് ജെസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അയോധ്യ കേസിൽ അന്തിമ വിധി പ്രഖ്യാപിച്ചത്. 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനായി നൽകാനും പള്ളി നിർമ്മിക്കുന്നതിന് ഉചിതമായ ഇടത്ത് അഞ്ച് ഏക്കർ ഭൂമി നൽകാനുമായിരുന്നു വിധി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍