സി ബി ഐ ഡയറക്‌ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെയുള്ള രണ്ട് ഹർജികൾ വെള്ളിയാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. സർക്കാർ നടപടിയെ ചോദ്യംചെയ്ത് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വർമ ഫയൽചെയ്ത ഹർജിയും സി ബി ഐ യിലെ ഉന്നതോദ്യോഗസ്ഥർക്കെതിരേയുള്ള അഴിമതിയാരോപണം അന്വേഷിക്കാൻ പ്രത്യേകാന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹർജിയുമാണ് ഇന്ന് പരിഗണിക്കുന്നത്.
ലോക്പാല്‍ നിയമമനുസരിച്ച് പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ് പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുക . ഇത്തരത്തില്‍ നിയമിച്ച ഒരു ഡയറക്ടറെ കേന്ദ്രത്തിന് നീക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് കേന്ദ്രം ഒരു രാത്രിയോടെ അലോക് വര്‍മ്മയെ നീക്കം ചെയ്തത്.
സി ബി ഐ തലപ്പത്തെ അസ്വാഭാവിക സംഭവങ്ങള്‍ എസ് ഐ ടി അന്വേഷിക്കണമെന്നാണ് അഡ്വ പ്രശാന്ത് ഭൂഷണ്‍ വഴി കോമൺകോസ് നൽകിയ ഹര്‍ജിയിലെ ആവശ്യം. അതേസമയം, അലോക് വര്‍മയെ നീക്കിയത് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനും വിനീത് നരെയ്ന്‍ കേസിലെ സുപ്രീംകോടതി വിധിക്കുമെതിരാണ്.