മാതാവിന്റേയും ഭർത്താവിന്റേയും പീഡനത്തെതുടർന്ന് ഇരുവരിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴേക്കും യുവതി ആത്മഹത്യ ചെയ്തു. 21 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഝാന്‍സി റാണിയാണ് കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യ ചെയ്തത്.
തെലങ്കാനയിലെ നക്രേക്കലിലാണ് സംഭവം. ആത്മഹത്യക്ക് ഒരു ദിവസം മുന്‍പാണ് യുവതി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് കത്തയച്ചത്. അമ്മയും ഭർത്താവും തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നു. അമ്മയുടെ ഇഷ്ടപ്രകാരം ആയിരുന്നു തന്റെ വിവാഹം നടന്നത്. ചെലവുകൾ മുഴുവൻ നടത്തിയത് ഭർത്താവ് ആയിരുന്നു. പണം കണ്ടെത്തുന്നതിനാണ് ഇരുവരും വേശ്യാവൃത്തിക്ക് തന്നെ നിർബന്ധിച്ചതെന്നും യുവതി കത്തിൽ പറയുന്നു.
കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 100 കിലോമീറ്റർ അകലെ ഹൈദരാബാദിൽ നിന്നും പൊലീസ് എത്തിയപ്പോഴേക്കും യുവതി ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, യുവതിയെ കൊല ചെയ്തതാണെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തിന് ശേഷം യുവതിയുടെ മാതാവും ഭർത്താവും ഒളിവിലാണ്.