എജി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നെന്ന് സുബ്രഹ്മണ്യം സ്വാമി
ബാര്‍ കേസില്‍ കേരളത്തിനെതിരെ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്ഗിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എജി വിമര്‍ശിച്ചുകൊണ്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. സുപ്രധാന വിഷയങ്ങളിൽ എജിയുടെ ഇടപെടലുകൾ പരിതാപകരമാണെന്ന പറയുന്ന സുബ്രഹ്മണ്യം സ്വാമി മദ്യമുതലാളിമാർക്കുവേണ്ടി എജി കേരള ഹൈക്കോടതിയിൽ പോകുമോയെന്നും ചോദിക്കുന്നു.
ജുഡീഷ്യൽ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ എജി സുപ്രീം കോടതിയിലെ വനിത ജഡ്ജിനെതിരെ വ്യക്തിപരമായി ചില പരാമർശങ്ങൾ നടത്തി സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് ചീത്തപ്പേരുണ്ടാക്കിയതായും സ്വാമി പറയുന്നു. ഐടി ആക്ടിലെ 66എ വകുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സർക്കാരിനായി ഹാജരായ എജിയെടുത്ത നിലപാടും സ്വാമി കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.