കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ചൊവ്വ, 9 ജൂണ്‍ 2020 (11:57 IST)
ന്യൂഡൽഹി: സ്വന്തം വീടുകളിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് യാത്രയ്‌ക്കുള്ള സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സുപ്രീം കോടതി.സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ശ്രമിക് ട്രെയിനുകൾ അനുവദിക്കണമെന്നും സർക്കാരുകൾ 15 ദിവസത്തിന് ഉള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
 
ഇത് കൂടാതെ വിലക്കുകൾ ലംഘിച്ച് വീടുകളില്‍ പോകാന്‍ ശ്രമിച്ചതിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ  പദ്ധതികളും, അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണമെന്നും ഇവർക്കായി തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി  ജൂലൈ 8 ന് വീണ്ടും പരിഗണിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍