ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നും ആരംഭിച്ചു.
ബോണി കപൂറും മകന് അര്ജുന് കപൂറുമടക്കമുള്ളവര്‍ ശ്രീദേവിയെ വഹിച്ചു കൊണ്ടുള്ള വാഹനത്തിലുണ്ട്. വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമുള്ളത്. നിരവധി ആരാധകരും വിലാപയാത്രയെ അനുഗമിക്കുന്നു. ചലച്ചിത്ര താരങ്ങളുടെ വൻനിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
സംസ്കാര ചടങ്ങുകള്‍ 3:30ന് നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സെലിബ്രേഷൻ സ്പോർട്സ് ക്ലബിലെ പൊതുദർശനം നീണ്ടു നിന്നതോടെയാണ് ചടങ്ങ് വൈകുമെന്ന് വ്യക്തമായത്. ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകള്‍. ഇതിനു ശേഷം അനുശോചന സമ്മേളനം നടക്കും.
ശനിയാഴ്ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഓടെയാണ് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. അനിൽ കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.